police

കിഴക്കമ്പലം: ''നോട്ടീസ് കിട്ടിയവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ എത്രയും വേഗം വാഹനം എടുത്തുകൊണ്ടുപോകണം. ഞങ്ങൾക്ക് ക്വാർട്ടേഴ്‌സ് പണിയാനുള്ളതാണ് ' ! കുന്നത്തുനാട് പൊലീസാണ് വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് നീക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകി ക്വാർട്ടേഴ്‌സിന് സ്ഥലമൊരുക്കാൻ കാത്തിരിക്കുന്നത്. ശോച്യാവസ്ഥയെ തുടർന്ന് ഇവിടെയുണ്ടായിരുന്ന ക്വാർട്ടേഴ്‌സ് ഏതാനും വർഷം മുമ്പ് പൊളിച്ച് നീക്കിയിരുന്നു. സ്​റ്റേഷൻ പരിസരം ഇതോടെ വിശാലമായി. പിന്നാലെ പെരുമ്പാവൂരടക്കമുള്ള സ്​റ്റേഷനുകളിലെ കേസുകളിൽ പിടിച്ച വാഹനങ്ങൾ ഇവിടെയ്ക്ക് എത്തിച്ചു. ഇതോടെ കുന്നത്തുനാട് പൊലീസ് സ്​റ്റേഷൻ കോമ്പൗണ്ട് വാഹനങ്ങളുടെ ശവപ്പറമ്പായി. 120 വാഹനങ്ങളിൽ പലതും ഉടമകൾ തിരിച്ചെടുക്കുകയും ലേലത്തിലൂടെ തൂക്കി വില്ക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂർ സ്​റ്റേഷൻ പരിധിയിൽ പിടികൂടിയ 26വാഹനങ്ങളാണ് ഇനി നീക്കാനുള്ളത്. ഇത് നീക്കിയാൽ മാത്രമേ ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ സാധിക്കൂ.

പാർപ്പിടമാക്കി കൊതുകും ഇഴജന്തുക്കളും

പിടിച്ചിട്ടിരിക്കുന്നത് ലോറി മുതൽ സ്‌കൂട്ടർ വരെയുള്ള വാഹനങ്ങൾ  വാഹനങ്ങളിൽ മഴവെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകി രൂക്ഷമായ കൊതുകുശല്യത്തിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയതോടെ പൊലീസ് പ്രതിസന്ധിയിലായി വാഹനങ്ങൾക്കിടയിൽ വളർന്ന കു​റ്റിച്ചെടികൾ ഇഴജന്തുക്കളുടെയും താവളം കൊതുക് ശല്യത്തിന് ആശ്വാസമായത് കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികളെ രംഗത്തിറക്കി പറമ്പ് ശുചിയാക്കിയതോടെ തുരുമ്പെടുത്ത വാഹനങ്ങളിൽ നിന്ന് ഓയിൽ പരന്ന് സ്‌​റ്റേഷനിലെയും തൊട്ടടുത്തുള്ള വീടുകളിലെയും കിണറുകളും മാലിന്യമാകുന്നു

ക്വട്ടേർഴ്‌സ് നിർമ്മാണത്തിനായുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭിച്ചാൽ ഇവിടെ കൂട്ടിയിട്ട വാഹനങ്ങൾ പെട്ടെന്ന് നീക്കുക പൊലീസിന് വെല്ലുവിളിയാകും. പെരുമ്പാവൂർ പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇവിടേയ്ക്ക് മാ​റ്റിയത്.

കേസുകൾ തീർപ്പായ വാഹന ഉടമകൾ പൊലീസ് സ്​റ്റേഷനുമായി ബന്ധപ്പെട്ടാൽ ലളിതമായ നടപടികൾക്കു ശേഷം വാഹനങ്ങൾ വിട്ടുനൽകും.

വി.പി. സുധീഷ്

എസ്.എച്ച്.ഒ

കുന്നത്തുനാട്‌