മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ദിവസേന നൂറ് കണക്കിനാളുകളാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നത്. ഇതിനിടയിൽ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രദേശത്ത് കൂടുതൽ ആശങ്ക പരത്തുന്നു.
സർക്കാർ ആശുപത്രികൾക്ക് പുറമേ മേഖലയിലെ സ്വകാര്യ ആശുപത്രികളിലും പനിബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പല ആശുപത്രികളിലും പനി ബാധിതരെക്കൊണ്ട് നിറഞ്ഞ സാഹചര്യമാണ്. ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ മാത്രം പനി ബാധിച്ച് ദിവസേന ആയിത്തോളം പേരാണ് ഒ.പി വിഭാഗത്തിൽ എത്തുന്നതെന്നും ചിലയിടങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇതേ അവസ്ഥ തന്നെയാണ് മറ്റ് സർക്കാർ ആശുപത്രികളിലും. പള്ളുരുത്തി കച്ചേരിപ്പടി ഗവ. ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ രാവിലെ തുടങ്ങുന്ന തിരക്ക് ഉച്ചവരെ നീളും ചില ദിവസങ്ങളിൽ ഒ.പി വിഭാഗത്തിൽ ഒരു ഡോക്ടറേ ഉണ്ടാകൂ.
മഴ ശക്തമായതോടെയാണ് പകർച്ചപ്പനി കൂടുതൽ വ്യാപകമായത്. കൊതുകുപട പെരുകുന്നതാണ് ഡെങ്കിപ്പനി വ്യാപനത്തിന് കാരണം. പശ്ചിമകൊച്ചിയിൽ പലേടത്തും മാലിന്യനീക്കം മന്ദഗതിയിലാണ്.
പനിബാധിതർ സ്വയംചികിത്സ നടത്തരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.