കൊച്ചി: അനധികൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുന്നതിന് ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി രൂപംനൽകിയ ജാഗ്രതാ സമിതികളുടെ പ്രവർത്തനം കുറേക്കൂടി കാര്യക്ഷമമാക്കണമെന്ന് കൊച്ചി കോർപ്പറേഷൻ കൗൺസിൽ. ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സമിതി പരാജയപ്പെടുകയാണെന്ന് മേയർ എം. അനിൽകുമാറും യഥാസമയം സമിതി ചേരാറില്ലെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വി.കെ. മിനിമോളും പറഞ്ഞു.
കാക്കനാട് മെട്രോ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പാലാരിവട്ടം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അനധികൃത വഴിയോരക്കച്ചവടങ്ങൾ കൂടിവരുന്നതായുള്ള പ്രശ്‌നം മിനിമോൾ കൗൺസിലിൽ ഉന്നയിച്ചത്. തെരുവോരക്കച്ചവടം നിരോധിച്ചിട്ടുള്ള പാലാരിവട്ടം ജംഗ്ഷനിൽപ്പോലും ഇത്തരം കച്ചവടങ്ങൾ തുടരുകയാണെന്ന് മിനിമോൾ പറഞ്ഞു.
അനധികൃത വഴിയോരക്കച്ചവടങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിക്കുകയെന്നതാണ് സമിതിയുടെ ഉത്തരവാദിത്വമെന്ന് മേയർ പറഞ്ഞു.
ലൈൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും നിയമലംഘനങ്ങൾ നടത്തുന്നതുമായ കച്ചവട സ്ഥാപനങ്ങൾ കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് നോട്ടീസ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച റിപ്പോർട്ട് യഥാസമയം ഹൈക്കോടതിക്ക് സമർപ്പിക്കണമെന്നും മേയർ നിർദേശിച്ചു.