നെടുമ്പാശേരി: നൊന്തുപ്രസവിച്ച മാതാവ് ഉപേക്ഷിച്ചിട്ടും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച പിതാവ് തമിഴ്‌നാട്ടിൽ കൊള്ളസംഘത്തിന്റെ കുത്തേറ്റ് മരിച്ചതോടെ അലന് കൂട്ട് ഇനി അമ്മിണിയമ്മൂമ്മ മാത്രം. കൃഷ്ണഗിരിയിൽ കൊള്ളസംഘത്തിന്റെ കുത്തേറ്റ് മരിച്ച നെടുമ്പാശേരി മേക്കാട് മുളവരിക്കൽ വീട്ടിൽ ഏലിയാസിന്റെ ഏക മകനാണ് അലൻ. മാതാവ് വർഷങ്ങൾക്ക് മുമ്പേ ബന്ധം ഉപേക്ഷിച്ച് പോയശേഷം അലന്റെ എല്ലാം ഏലിയാസായിരുന്നു.
ഏലിയാസിന്റെത് പ്രണയവിവാഹമായിരുന്നു. അലന്റെ ജന്മശേഷം അധികകാലം ബന്ധം നീണ്ടുനിന്നില്ല. നിയമപരമായി ബന്ധം വേർപ്പെടുത്തി അവർ മറ്റൊരാളെ വിവാഹം കഴിച്ചു. ഇതോടെ അലനുമായി കോതമംഗലത്തേക്ക് താമസം മാറിയ ഏലിയാസ് വർഷങ്ങളോളം അവിടെ ഡ്രൈവറായി ജോലിചെയ്തു. അലനെ മൂവാറ്റുപുഴയിലെ സ്കൂളിൽ താമസിപ്പിച്ച് പഠിപ്പിച്ചു. വല്ലപ്പോഴും മാത്രം ഏലിയാസ് മകനുമായി മേക്കാട്ടിലെ വീട്ടിലെത്തും. ഏലിയാസിനെ കൂടാതെ രണ്ട് ആൺമക്കൾ കൂടി അമ്മിണിക്കുണ്ടെങ്കിലും തറവാട്ടുവീട്ടിൽ തനിച്ചായിരുന്നു താമസം.
ഒന്നരമാസംമുമ്പ് ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ഏലിയാസ് രാജിവച്ച ശേഷമാണ് മകനുമായി മേക്കാട്ടിലെ തറവാട്ടുവീട്ടിൽ വീണ്ടും സ്ഥിരതാമസമാക്കിയത്. പത്താം ക്ളാസിലേക്ക് ജയിച്ചെങ്കിലും അലനെ നാട്ടിലോ മറ്റെവിടെയെങ്കിലുമോ പഠിക്കാൻ ചേർത്തില്ല. സ്കൂളിൽ ചേർക്കാൻ നിർബന്ധിച്ചവരോട് അടുത്തവർഷം ചേർക്കാമെന്ന മറുപടിയാണ് ഏലിയാസ് നൽകിയത്. പഠിക്കാൻ പോകാത്തതിന്റെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നതിനിടെയാണ് അലന് പിതാവിനെയും നഷ്ടമാകുന്നത്. അമ്മിണിയമ്മുമ്മയാണ് ഇനി അലന് ആശ്രയം. സർക്കാരിന്റെ പെൻഷനാണ് അമ്മിണിയുടെ വരുമാനമാർഗം.