* സംഭവം ചെന്നൈ - കൃഷ്ണഗിരി റോഡിൽ
നെടുമ്പാശേരി: പണം ആവശ്യപ്പെട്ടിട്ടും നൽകാത്ത ദേഷ്യത്തിൽ മലയാളി ട്രക്ക് ഡ്രൈവറെ ഹൈവേ കൊള്ളസംഘം കുത്തിക്കൊന്നു. ചെന്നൈ നാമക്കൽ ട്രാൻസ്‌പോർട്ട് കമ്പനിയിലെ ജീവനക്കാരൻ നെടുമ്പാശേരി മേക്കാട് കാരക്കാട്ടുകുന്ന് മുളവരിക്കൽവീട്ടിൽ ഏലിയാസാണ് (42) കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച പുലർച്ചെ നാലോടെ ചെന്നൈ - കൃഷ്ണഗിരി റോഡിൽ ശരവണഭവൻ ഹോട്ടലിന് സമീപമായിരുന്നു സംഭവം. കൊള്ളസംഘത്തിലെ രണ്ടുപേരെ കൃഷ്ണഗിരി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. തുടർച്ചയായി കൊള്ളയടി നടക്കുന്ന മേഖലയാണ് കൃഷ്ണഗിരി.
ഒരുമാസം മുമ്പാണ് ഏലിയാസ് നാമക്കൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ കയറിയത്. കൊച്ചിയിൽ ചരക്കിറക്കിയശേഷം തിരികെ കമ്പനിയിലേക്ക് പോകുന്നതിനിടെയായിരുന്നു അതിദാരുണമായ സംഭവം. ഉറക്കക്ഷീണമാറ്റാൻ ചായകുടിച്ചശേഷം തിരികെ ലോറിയിലേക്ക് കയറുമ്പോഴാണ് കൊള്ളസംഘമെത്തി തർക്കവും കത്തിക്കുത്തുമുണ്ടായതെന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. ഒരു മണിക്കൂറോളം ചോരവാർന്നുകിടന്ന ഏല്യാസിനെ സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യംകണ്ടത്. വിവരമറിഞ്ഞ് പൊലീസുമെത്തി. കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഏല്യാസ് മരിച്ചിരുന്നു. ലോറി ഉടമയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്.
വർഷങ്ങളായി കോതമംഗലത്ത് താമസിച്ചിരുന്ന ഏലിയാസ് മറ്റൊരു കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. പുതിയജോലി കിട്ടിയതോടെ താമസം മേക്കാടിലെ തറവാട് വീട്ടിലേക്ക് മാറുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് മേക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
പരേതനായ തോമസിന്റെയും അമ്മിണിയുടെയും മകനാണ് ഏലിയാസ്. മകൻ: അലൻ. സഹോദരങ്ങൾ: എൽദോ, ജേക്കബ്, സുജ, ഷൈനി, മിനി.