വ്യവസായ മേഖലയിൽ 12,000 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തിയെന്ന് പി. രാജീവ്
കൊച്ചി: മൂന്ന് വർഷത്തിനിടെ മുന്നൂറ് സംരംഭകർ ചേർന്ന് സംസ്ഥാനത്ത് 11,537.40 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്തിയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച തുടർനിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിൽ 30 സംരംഭങ്ങൾ 50 കോടി രൂപയിലധികം നിക്ഷേപം നടത്തിയവരാണ്. നിക്ഷേപം ആകർഷിക്കുന്നതിന് താലൂക്ക് തലത്തിൽ ആരംഭിക്കുന്ന ഇൻവെസ്റ്റ്മന്റ് ഫെസിലിറ്റേഷൻ സെന്ററുകൾക്ക് വ്യവസായ വകുപ്പ് ജനറൽ മാനേജർമാർ മേൽനോട്ടം വഹിക്കും.
വ്യവസായ വകുപ്പിന്റെ ശ്രമഫലമായി 2.60 ലക്ഷം പുതിയ സംരംഭങ്ങളാണ് എത്തിയത്. ചെറുകിട വ്യവസായ മേഖലയിൽ 16,000 കോടി രൂപയുടെ നിക്ഷേപവും അഞ്ചരലക്ഷം തൊഴിലവസരവും ഇതിലൂടെ ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, സി.ഐ.ഐ മുൻ ചെയർമാൻ നവാസ് മീരാൻ, ഫിക്കി കൊ ചെയർ ദീപക് അസ്വാനി, കിൻഫ്ര എം.ഡി സന്തോഷ് കോശി, കെ.എസ്.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ, വ്യവസായ, വാണിജ്യ വകുപ്പ് അഡി. ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ തുടങ്ങിയവർ സംസാരിച്ചു.