കോതമംഗലം: എറണാകുളം - ഇടുക്കി ജില്ലാ അതിർത്തിയിലെ നേര്യമംഗലം കാഞ്ഞിരവേലിയിലെ ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ റബർ തോട്ടത്തിലായിരുന്നു കൊമ്പന്റെ ജഡം. ഇന്നലെ രാവിലെ കിടക്കുന്ന നിലയിൽ കണ്ട ആന ഏറെ സമയം കഴിഞ്ഞിട്ടും അനങ്ങാതിരുന്നതിനാൽ നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് ചരിഞ്ഞതായി മനസിലായത്. ഇതിനു സമീപം നിരവധി വീടുകളുണ്ട്.
നാട്ടുകാർ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചതിനെത്തുടർന്ന് വനപാലകസംഘം പ്രാഥമിക പരിശോധന നടത്തി. മരണകാരണം വെറ്ററിനറി ഡോക്ടറുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയൂവെന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.കെ. ഷാഹിന പറഞ്ഞു.
മൂന്നുമാസംമുമ്പ് ഈ പ്രദേശത്താണ് ഇന്ദിരയെന്ന വീട്ടമ്മയെ ആന കുത്തിക്കൊന്നത്.