h
ടി. എൻ. മനോജ് കുമാർ

ചോറ്റാനിക്കര: ഭഗവതി ക്ഷേത്രത്തിലെ പുതിയ മേൽശാന്തിമാരായി അഴകിയകാവ് ക്ഷേത്രം മേൽശാന്തി ടി.എൻ. മനോജ് കുമാർ, അഷ്ടമിച്ചിറ ക്ഷേത്രം മേൽശാന്തി ടി.പി. അച്യുതൻ എന്നിവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ചിങ്ങം ഒന്നിനു ചുമതലയേൽക്കുന്ന ഇവർ ഒന്നിടവിട്ട മാസങ്ങളിൽ മേൽശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിമാരായി പ്രവർത്തിക്കും.

കീഴ്ക്കാവ് ക്ഷേത്രം, ശിവക്ഷേത്രം, ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ശാന്തിമാരായി എറണാകുളം ശിവക്ഷേത്രത്തിലെ ശാന്തി പി. പ്രസന്നകുമാർ, പള്ളിപ്പറമ്പ് കാവിലെ പി.എൻ.ശ്രീജിത്ത്, ചിറ്റൂർ ക്ഷേത്രത്തിലെ ഇ.ഡി. സംഗമേശ്വരൻ എന്നിവരെയും തിരഞ്ഞെടുത്തു. ഇവരും ഇടവിട്ട മാസങ്ങളിൽ മൂന്നു ക്ഷേത്രങ്ങളിലും ശാന്തിമാരായി പ്രവർത്തിക്കും.

പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു നറുക്കെടുപ്പ്. ചോറ്റാനിക്കര ഹരി നിവാസിൽ ഹരീഷിന്റെ മകൾ ഹരിനന്ദയാണ് നറുക്കെടുത്തത്. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ബി. മുരളീധരൻ, ചോറ്റാനിക്കര അസിസ്റ്റന്റ് കമ്മിഷണർ ബിജു ആർ. പിള്ള, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, വിജിലൻസ് അസിസ്റ്റന്റ് പി.കെ.സുരേഷ്, ക്ഷേത്രം ഊരാളൻ നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി തമ്പി തിലകൻ, ട്രഷറർ ശ്യാം സുദർശൻ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.