 
മുളന്തുരുത്തി: ശതാബ്ദിയോട് അടുക്കുന്ന പെരുമ്പിള്ളി എം.ജി യു.പി സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഇനി പെരുമ്പിള്ളി ഗവ. യു.പി സ്കൂൾ എന്നായിരിക്കും ഔദ്യോഗിക രേഖകളിൽ. ഉത്തരവ് എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ വച്ചു നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാതല അദാലത്തിൽ വിദ്യാഭ്യാസ
മന്ത്രി വി. ശിവൻകുട്ടി സ്കൂൾ അധികൃതർക്ക് കൈമാറി. ഹെഡ്മിസ്ട്രസ് സീന എസ്. തോമസ്, അദ്ധ്യാപിക നിഷ എബ്രഹാം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എം.എൽ.എമാരായ ടി.ജെ. വിനോദ് , പി.വി. ശ്രീനിജൻ , പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പട്ടാര്യസമാജത്തിന്റെ നേതൃത്വത്തിൽ പെരുമ്പിള്ളിയിൽ സ്കൂൾ സ്ഥാപിതമായത് 1926ലാണ്. ഒന്നുമുതൽ വരെ ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്.
പെരുമ്പിള്ളി പട്ടുകുളങ്ങര നാരായണപിള്ളയാണ് സ്കൂൾ സ്ഥാപകൻ. പാപ്പാളിൽ ശങ്കരപ്പിള്ള മാനേജരും കെ.വി. കുമാരപിള്ള ആദ്യ ഹെഡ് മാസ്റ്ററുമായിരുന്നു. പിന്നീട് സ്കൂൾ നടത്തിപ്പ് പട്ടാര്യ സമാജത്തിൽനിന്ന് സ്റ്റാഫ് മാനേജ്മെന്റ് സംവിധാനത്തിലേക്കു മാറി. 1959-60ൽ യുപി സ്കൂളായി ഉയർത്തി.
നിലവിൽ കെ.ജി മുതൽ എഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടന്നുവരുന്നുണ്ട്. 1947ൽ ആരംഭിച്ച പെരുമ്പിള്ളി ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങുന്നത് പെരുമ്പിള്ളി സ്കൂളിലെ ക്ലാസ് മുറിയിലായിരുന്നു.
കേരളീയത്തനിമ നിലനിർത്തുന്ന ക്ലാസ് മുറികളും ഐ.ടി ലാബ്, സ്മാർട്ട് ടിവി, സ്മാർട്ട് മൊബൈൽ സ്ലൈഡ് , ടോയ്ലെറ്റ് ബ്ലോക്ക്, പഴവർഗത്തോട്ടം, ആധുനിക പാചകപ്പുര എന്നിവയും സ്കൂളിനുണ്ട്. ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും
പൂർവ വിദ്യാർത്ഥികളും പി.ടി.എയും സ്കൂളിന്റെ വികസനത്തിന് നിർലോഭമായ പിന്തുണ നൽകിവരുന്നു.