mazha

കൊച്ചി: മഴ കനത്ത സാഹചര്യത്തിൽ അശാസ്ത്രീയമായ നടപടികൾ ഒഴിവാക്കി വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.

കേരളത്തിന് താങ്ങാവുന്നതിലേറെ മഴയാണ് ഇടതടവില്ലാതെ ലഭിക്കുന്നത്. അണക്കെട്ടുകൾ നിറയാൻ അധിക സമയം വേണ്ട. വയനാട്ടിൽ ഉരുൾപൊട്ടി മരണമുണ്ടായി. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കോഴിക്കോട്, മലപ്പുറം, തൃശൂർ, പത്തനംതിട്ട, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലുണ്ട്. മഴ തുടരുമെന്ന് മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ 2018ലെ പ്രളയത്തിലേതു പോലെ അശാസ്ത്രീയ നടപടികൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണം. യോഗത്തിൽ പ്രസിഡന്റ് ഡോ.സി.എം ജോയി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ.ആർ വിശ്വനാഥൻ, രാജഗോപാൽ, സലാം തുടങ്ങിയവർ സംസാരിച്ചു.

നിർദ്ദേശങ്ങൾ
60 ശതമാനം നിറഞ്ഞ അണക്കെട്ടുകളിൽ നിന്നും 10 ശതമാനം വെള്ളം വേലിയിറക്കസമയം നോക്കി തുറന്നുവിടുക
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുക
ഡാം സേഫ്‌റ്റി വകുപ്പ് ഉൾപ്പെടെ സ്ഥാപനങ്ങൾ കാലാവസ്ഥയും ഉരുൾപൊട്ടലും ഘനനവും ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ യോഗം വിളിച്ച് പ്രശ്‌നങ്ങൾ വിലയിരുത്തി നിർദേശങ്ങൾ സ്വീകരിക്കുക, നടപ്പാക്കുക
പാറ, മണൽ, മണ്ണ്, ചെങ്കല്ല് ഘനനങ്ങൾ, വനത്തിലെ മരംമുറി എന്നിവ നിറുത്തിവയ്‌ക്കുക
അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ യാത്ര നിരോധിക്കുക
പ്രളയസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ജലം ഒഴുക്ക് തടസമില്ലാതാക്കുന്നതിനും പമ്പുചെയ്തു കളയുന്നതിനും വലിയ സെറ്റുകൾ ഉപയോഗിക്കുക
വൈദ്യുതി നിലയ്‌ക്കാൻ സാദ്ധ്യതയുള്ളതിനാൽ ബാറ്ററികളും ചാർജറുകളും ജനറേറ്ററുകളും തയാറാക്കിവയ്‌ക്കുക
കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുക
ദുരന്തസ്ഥലങ്ങളിലേക്ക് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നൈപുണ്യമുള്ളവർ മാത്രം പോകുക. മന്ത്രിമാർ, ജന പ്രതിനിധികൾ, ജനങ്ങൾ എന്നിവർ പോകുന്നത് നിരോധിക്കുക
ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ, വൈദ്യുതി, വെള്ളം, ഭക്ഷണം ഉറപ്പാക്കുക
നദികളുടെ തീരത്ത് 100 മീറ്റർ വരെ സുരക്ഷിതമല്ല. സൂക്ഷിക്കുക
സോഷ്യൽ മീഡിയ ജനങ്ങളിൽ ഭീതി പരത്താൻ ഉപയോഗിക്കരുത്
അപകടസാദ്ധ്യതയുള്ള സ്വകാര്യ, പൊതുസ്ഥലങ്ങളിലെ മരങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി വിലയിരുത്തി മുറിക്കുക.