കെ.കെ രത്‌നൻ
വൈപ്പിൻ: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്കിറങ്ങി. മുൻ കാലങ്ങളിൽ നിരോധനം കഴിഞ്ഞ് ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങുന്നത് ഏറെ ഉത്സവാന്തരീക്ഷത്തിലായിരുന്നു. പക്ഷേ ഇത്തവണ ഏറെ നിരാശയിലും ആശങ്കയിലുമാണ് ആണ് മത്സ്യമേഖല.
മത്സ്യസമ്പത്തിന്റെ ശോഷണം, താങ്ങാനാവാത്ത ഇന്ധനചെലവ്, ചെമ്മീൻ വില ഇടിവ്, പ്രതികൂല കാലാവസ്ഥ എന്നിവ മൂലം പ്രതിസന്ധിയിലാണ് മത്സ്യമേഖല. ഇടത്തരം ബോട്ടുകൾക്ക് പ്രധാനമായും ചെമ്മീനാണ് ലഭിക്കുന്നത്.ചെമ്മീൻ ഇറക്കുമതിയിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് ജപ്പാനുമാണ്. കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിയിൽ നിയന്ത്രണം വരുത്തിയതും ജപ്പാനിൽ നിന്നുള്ള ആവശ്യം കുറഞ്ഞതും കാരണം ചെമ്മീനിന്റെ വില സാരമായി ഇടിഞ്ഞു. ഇതോടെ ആഭ്യന്തരമാർക്കറ്റിലും വില ഇടിഞ്ഞു.
സംസ്ഥാനത്താകെ 2600 ൽപരം യന്ത്രവത്കൃത ബോട്ടുകളാണുള്ളത് . മുനമ്പം ഹാർബർ കേന്ദ്രീകരിച്ച് അഞ്ഞൂറോളം ബോട്ടുകളും വൈപ്പിൻ, കൊച്ചി ഹാർബറുകളിൽ നിന്ന് എഴുന്നൂറോളം ബോട്ടുകളുമാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നത്. ഇവയിൽ ഏറെയും തൊഴിലാളികൾ തമിഴ്‌നാട്ടിലെ കുളച്ചൽ സ്വദേശികളും ഉത്തരേന്ത്യയിലെ ഹിന്ദിക്കാരുമാണ്. നാട്ടുകാർ പേരിനു മാത്രം. മത്സ്യമേഖലയിലെ മാന്ദ്യം കാരണം ഇവരിൽ പലരും തിരിച്ചെത്തിയിട്ടില്ല. പ്രതികൂല കാലാവസ്ഥ കാരണം പലബോട്ടുകളും കടലിലേക്ക് ഇറങ്ങിയിട്ടില്ല.

ബോട്ടുകളിൽ മീനിനോടൊപ്പം വലയിൽ ആകുന്ന കടലാമകളെ സംരക്ഷിക്കുന്നതിന് വലകളിൽ ടർട്ടിൽ എക്‌സ് ക്ലൂഡർ ഡിവൈസ് (ടി.ഇ.ഡി) ഘടിപ്പിക്കണമെന്നാണ് അമേരിക്കൻ നിർദ്ദേശം. വലകളുടെ കഴുത്തുഭാഗത്ത് ടി.ഇ.ഡി ഘടിപ്പിച്ച്‌ ചെമ്മീനുകളെ സഞ്ചിഭാഗത്തേക്ക് കടത്തിവിടുകയും കടലാമകളെ ഉപകരണത്തിന്റെ വാതിലൂടെ പുറത്തേക്ക് തള്ളിവിടുകയും ചെയ്യും. ബോട്ടിൽ ടി.ഇ.ഡി ഘടിപ്പിക്കുന്നതിന് അരലക്ഷത്തോളം രൂപ ചെലവ് വരുമെന്നും അത് തങ്ങൾക്ക് താങ്ങാൻ ആവില്ലെന്നുമാണ് ബോട്ടുടമകളുടെ നിലപാട്.