ആലുവ: മിന്നൽ വേഗത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ തീരദേശവാസികൾ കടുത്ത ആശങ്കയിലായി. ആലുവ ജലശുദ്ധീകരണശാലക്ക് സമീപം നാല് മീറ്റർ ജലമാണ് ഉയർന്നത്. തിങ്കളാഴ്ച്ച വൈകിട്ട് സാധാരണയിലും ഒരു മീറ്റർ മാത്രമായിരുന്നു ഉയർന്നത്. ഇന്നലെ ഉച്ചയോടെ അത് നാല് മീറ്ററായി ഉയർന്നു. അര മീറ്റർ കൂടി ജലം ഉയർന്നാൽ തീരപ്രദേശങ്ങളിലെ നിരവധി വീടുകളും വഴികളുമെല്ലാം വെള്ളത്തിലാകും.
ആലുവ മേഖലയിൽ ഇന്നലെ മഴ നിർത്താതെ പെയ്തെങ്കിലും ശക്തമായിരുന്നില്ല. കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിൽ വെള്ളം ഭാഗികമായി കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ആലുവ താലൂക്കിൽ ഔദ്യോഗികമായി എട്ട് ക്യാമ്പുകളാണ് തുറത്. ചെങ്ങമനാട് പഞ്ചായത്തിൽ മാത്രം മൂന്ന് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളുണ്ട്. വടക്കുംഭാഗം വില്ലേജിൽ 18 പേർ ക്യാമ്പിലുണ്ട്. ചൂർണിക്കര, നെടുമ്പാശേരി, മറ്റൂർ, പാറക്കടവ് വില്ലേജുകളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചെങ്ങമനാട് വില്ലേജിൽ മരം മറിഞ്ഞും നാശമുണ്ടായിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി ആകെ 19 കുട്ടികൾ ഉൾപ്പെടെ 58 പേരുണ്ട്.
ആലുവ തേവർക്ക് വീണ്ടും ആറാട്ട്
പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ആലുവ മണപ്പുറം ശിവക്ഷേത്രത്തിൽ ഇക്കുറി വീണ്ടും ആറാട്ട്. ഇന്നലെ പുലർച്ചെ 3.45 ഓടെയാണ് ആലുവ തേവർക്ക് വീണ്ടും ആറാട് നടന്നത്. ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് ആറാട്ട്. കഴിഞ്ഞ 16ന് പുലർച്ചെ അഞ്ചിനും ആറാട്ട് നടന്നിരുന്നു. പെരിയാറിൽ കരകവിഞ്ഞ് സ്വയംഭൂവിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോഴാണ് ക്ഷേത്രത്തിൽ ആറാട്ട് ഉത്സവം നടക്കുന്നത്. കഴിഞ്ഞ വർഷം ആറാട്ട് നടന്നില്ലെങ്കിലും 2022ൽ അഞ്ച് പ്രാവശ്യം ആലുവ തേവർക്ക് ആറാട്ട് നടന്നിരുന്നു.
കർക്കടക വാവ് ബലി തർപ്പണം പ്രതിസന്ധിയിലാകും
പെരിയാറിലെ ജലനിരപ്പ് ഭീതിപ്പെടുത്തും വിധം ഉയർന്നതോടെ ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ നടക്കുന്ന കർക്കടക വാവ് ബലി തർപ്പണത്തെയും ബാധിച്ചേക്കും. ശിവരാത്രി ബലിർപ്പണം കഴിഞ്ഞാൽ ആലുവ മണപ്പുറത്ത് ഏറ്റവും കൂടുതൽ ഭക്തരെത്തുന്നത് കർക്കടകവാവ് ബലിക്കാണ്. നൂറോളം താത്കാലിക ബലിത്തറകളും ഉണ്ടാകും. രണ്ടാം തീയതിക്ക് മുമ്പായി വെള്ളം ഇറങ്ങിയെങ്കിൽ മാത്രമെ ബലിത്തറകൾ നിർമ്മിക്കാൻ കഴിയൂ. ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യേണ്ടിയും വരും. നേരത്തെ വെള്ളെപ്പൊക്കം ഉണ്ടായപ്പോൾ സമീപ റോഡുകളിലാണ് ബലി തർപ്പണം നടന്നത്. കർക്കിടക വാവ് പ്രമാണിച്ച് മണപ്പുറത്ത് കച്ചവടത്തിനെത്തിയവരുടെ സാധനങ്ങളും ഒലിച്ചുപോയി.
2018ലെ ഭീതിയിൽ
പെരിയാറിലെ ജല നിരപ്പ് ഉയരുമ്പോൾ 2018ലെ പ്രളയമാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. ആലുവയെ പൂർണമായി
വെള്ളത്തിൽ മുക്കിയ അഗസ്റ്റ് 15ലെ മഹാപ്രളയം ഇന്നും മായാത്ത പേടിസ്വപ്നമാണ്. അതിനാൽ പെരിയാറിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങുമ്പോൾ തന്നെ ആലുവ നിവാസികൾ തങ്ങളുടെ വിലകൂടിയ സാധന സാമഗ്രികൾ എല്ലാംകെട്ടി പെറുക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കുകയാണ്.
ചെളിയുടെ അളവ് 100 എൻ.ടി.യു
മഴവെള്ളം നിറഞ്ഞുകവിഞ്ഞതോടെ പെരിയാറിലെ ചെളിയുടെ അളവ് കൂടിയത് ആലുവ ജലശുദ്ധീകരണശാലയുടെ പ്രവർത്തനത്തെയും ബാധിക്കും. ഇന്നലെ പെരിയാറിലെ ചെളിയുടെ അളവ് 100 എൻ.ടി.യുവാണ്. സാധരണയായി അഞ്ച് എൻ.ടി.യു ചെളിയാണ് ഉണ്ടാകുന്നത്. മഴ ഇന്നുംകൂടി തുടർന്നാൽ ചെളിയുടെ അളവ് കൂടുമെന്നും അത് ജലവിതരണത്തെ ബാധിക്കുമെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. ആലവും കുമ്മായവും കൂടുതൽ ചേർത്താണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നത്.