കൊച്ചി: പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാൻഡ് അനുവദിച്ച് കൊച്ചി നഗരസഭയുടെ കീഴിൽ അനുവദിച്ച 38 നഗര ആരോഗ്യ കേന്ദ്രങ്ങളിൽ ആറെണ്ണം മാത്രമാണ് പ്രവർത്തനമാരംഭിച്ചതെന്ന് യു.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. ആരംഭിച്ച കേന്ദ്രങ്ങളിൽ പൂർണമായും സേവനങ്ങൾ നൽകാനായിട്ടുമില്ല. ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിന് 12 കെട്ടിടങ്ങളാണ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇവയ്ക്കായി 12 ലക്ഷം രൂപയാണ് വാടകയിനത്തിൽ ചെലവഴിച്ചിട്ടുള്ളത്.
ഡയാലിസിസ് രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നത് പോലും നിറുത്തിവച്ച സാഹചര്യത്തിൽ ലക്ഷക്കണക്കിന് രൂപ ആർക്കും ഉപകരിക്കാതെ ചെലവാക്കുന്നത് ജനദ്രോഹമാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.