kothamangalam

കോതമംഗലം : കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കാറ്റിലും വ്യാപക കൃഷിനാശം. നിരവധി വീടുകളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പൂയംകുട്ടി മണികണ്ടം ചാൽ ചപ്പാത്ത് പൂർണ്ണമായും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറി ഇവരെ മണികണ്ടം ചാൽ സി.എസ്.ഐ പള്ളി ഹാളിലെ ക്യാമ്പിലേക്ക് മാറ്റി. തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് കോതമംഗലം ടൗൺ യു.പി സ്‌കൂളിലും ക്യാമ്പ് തുറന്നിട്ടുണ്ട്. രണ്ട് ക്യാമ്പുകളിലുമായി 25 കുടുംബങ്ങളിലെ 72 പേർ കഴിയുന്നുണ്ട്. തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിനകത്ത് മൂന്നടിയോളം വെള്ളം കയറി. പിണ്ടി മനയിൽ രണ്ടേക്കർ കപ്പകൃഷിയും നെല്ലിക്കുഴിയിൽ പാകമായ ഏത്തവാഴത്തോട്ടവും വെള്ളം കയറിയ നിലയിലാണ്. ദുരിതബാധിത പ്രദേശങ്ങളിൽ ആന്റണി ജോൺ എം.എൽ.എ,​ തഹസിൽദാർ,​ മറ്റ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഫയർഫോഴ്സ്,പൊലീസ് തുടങ്ങി ഉദ്യോഗസ്ഥരും സന്നദ്ധ സേവകരും മുഴുവൻ സമയ പ്രവർത്തനങ്ങളിലും ഉണ്ട്. കോതമംഗലം താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു.