കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന്റെ പരിധിയിൽ വരുന്ന തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് സബ്‌സിഡി നിരക്കിൽ സൈലേജ് തീറ്റ വിതരണം ചെയ്യും. 50 കിലോ പായ്ക്കറ്റുകളിലാണ് വിതരണം. 2022-23 സാമ്പത്തിക വർഷത്തെ അറ്റാദായത്തിൽ നിന്ന് അംഗങ്ങൾക്ക് ലാഭവിഹിതം നൽകിയതായും ചെയർമാൻ എം.ടി. ജയൻ അറിയിച്ചു.
എറണാകുളം 6.82 രൂപ, തൃശ്ശൂർ 6.72 രൂപ, കോട്ടയം 6.92 രൂപ, ഇടുക്കി 7.07 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി നൽകിയതിനു ശേഷമുള്ള ഒരുകിലോ സൈലേജിന്റെ നിരക്ക്. സബ്‌സിഡി ഇല്ലാതെയും വിതരണം ചെയ്യും. ഫാം കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിദിനം 40 ലിറ്റർ പാൽ സംഘത്തിൽ അളക്കുന്ന കർഷകർക്ക് നിശ്ചിത ചാർട്ട് വിലയേക്കാൾ 50 പൈസ അധികമായി നൽകുമെന്നും എം.ടി. ജയൻ അറിയിച്ചു.