പെരുമ്പാവൂർ: തോരാത്ത മഴയെത്തുടർത്ത് പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിവ്യാപക നാശനഷ്ടം. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വേങ്ങൂർ പഞ്ചായത്തിൽ കൊമ്പനാട് വില്ലേജിൽ പാറക്കടവ് സോസെറ്റി പാലം റോഡിൽ വെള്ളം കയറി. പരിസരത്തെ നാല് വീടുകളിലെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ക്രാരിയേലി കൊച്ചു പുരയ്ക്കൽ കടവ് പുഴയുടെ അരികിലുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
ഒക്കൽ തുരുത്ത് പൂർണമായും ഒറ്റപ്പെട്ടു. 24 കുടുംബങ്ങളാണ് ഒക്കൽ തുരുത്തിലുള്ളത്. നഗരസഭ പരിധിയിൽ കാലവർഷ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുനിസിപ്പൽചെയർമാൻ പോൾ - പാത്തിക്കലിന്റെ അദ്ധ്യക്ഷതയിൽ സംയുക്ത യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തി. ചേലാമറ്റത്ത് പെരിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി.
ഭൂതത്താൻകെട്ട്ഡാം തുറന്നു വിട്ടുമ്പോൾപെരിയാറിന്റെ തീര പ്രദേശങ്ങളായ ആലുവ, കാലടി മേഖലയിൽ വെള്ളം കയറാനുള്ള സാദ്ധ്യതയുണ്ട് എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ കോടനാട് മലയാറ്റൂർ പാലത്തിന്റെ തൂണുകളൊക്കെ പൂർണമായും മുങ്ങിയിരിക്കുകയാണ്. മുടക്കുഴ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഇളംബ കപ്പിള്ളിയിൽ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. ജീയം ആഗ്രോമിൽ, ഇളം ബ കപ്പിള്ളി ആന്റണിയുടെ ക്രഷർ എന്നിവയിൽ വെള്ളം കയറി.
നഗരസഭ പരിധിയിൽ രണ്ടാം വാർഡിലെ റെയിൻബോ വില്ലയിലെ താമസക്കാരെ കാഞ്ഞിരക്കാട് മദ്രസ ഹാളിന്റെ ക്യാമ്പിലേക്ക് മാറ്റി. വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറ പ്രദേശത്ത് 10 വീടുകളുടെ മുറ്റത്ത് വെള്ളം കയറി. കണ്ടന്തറ ജമാ അത്ത് മസ്ജിദിന്റെ ഓഡിറ്റോറിയത്തിലേക്ക് മാറ്റാൻ നടപടിയായി. ഒക്കൽ പഞ്ചായത്തിലെ തുരുത്ത്, ചേലാമറ്റം പാടദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തുരുത്തിലേക്ക് പോകുന്ന റോഡ് നിലവിൽ വെള്ളത്തിനടിയിലായി.
വേങ്ങൂർ പഞ്ചായത്തിലെ പാണംകുഴി, സൊസൈറ്റി പാലം, കൊമ്പനാട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു. കൊമ്പനാട് 3 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. മുടക്കുഴ പഞ്ചായത്തിലെ ത്രിവേണി, ഇളമ്പകപ്പിള്ളി പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു.