vellapokkam

മൂവാറ്റുപുഴ: മഴ കനത്തതോടെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് മൂവാറ്റുപുഴയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, ആയവന പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഭൂരിപക്ഷം പേരും ബന്ധുവീടുകളിലേക്ക് മാറി. 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മാറാടി, വാളകം, ആവോലി, ആരക്കുഴ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോതമംഗലം, കാളിയാർ, തൊടുപുഴ ആറുകളിൽ ജലനിരപ്പ് അപകടകരമാവിധം ഉയരുകയായിരുന്നു. തുടർന്ന് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടനില പിന്നിട്ടു. മലങ്കര ഡാമിലെ ഷട്ടറുകൾ ഉയർത്തിയതും വെള്ളപ്പൊക്കത്തിന് കാരണമായി. കാളിയാർ പുഴയിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . മഴ തുടർന്നാൽ നൂറുകണക്കിന് വീടുകളും കാവുംങ്കര ഉൾപ്പടെയുള്ള പ്രധാന വാണിജ്യകേന്ദ്രങ്ങളും വെള്ളത്തിനടിയിൽ ആകും. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. റാക്കാട് ശക്തിപുരം മാനംകുഴക്കൽ മനോജിന്റെ വീട്ടുമുറ്റത്തുള്ള കിണർ ഇടിഞ്ഞ് താണു, കിഴക്കേക്കരക്കടവിൽ വഴിതെറ്റിയ കാർ മൂവാറ്റുപുഴയാറിലേക്ക് പതിച്ചു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂവാറ്റുപുഴ നഗരത്തിലെ ഇലാഹിയ കോളനി,​ കാെച്ചങ്ങാടി,​ കാളച്ചന്ത,​ ആനിക്കാകുടി കോളനി,​ കിഴക്കേക്കര, പുന്നമറ്റം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. കക്കടാശ്ശേരി കാരക്കുന്നം റോഡിൽ വെള്ളം കയറി. പുന്നമറ്റത്ത് വേങ്ങതണ്ട് റോഡിൽ മണ്ണിടിഞ്ഞു. റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെത്തി മണ്ണ് നീക്കി. കടാതി എൻ.എസ്.എസ് .കരയോഗം, വാഴപ്പിള്ളി ജെ.ബി .സ്‌കൂൾ, ടൗൺ യു.പി സ്‌കൂൾ, കുര്യൻമല, പുന്നമറ്രം എന്നിവിടങ്ങളിലാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയുടെ താഴത്തെ നിലയിൽ വെള്ളം കയറി. താഴത്തെ നിലയിൽ ഉണ്ടായിരുന്ന ആശുപത്രി ഉപകരണങ്ങളും മറ്റ് ഉപകരണങ്ങളും മുകളിലത്തെ നിലയിലേക്ക് മാറ്റി.മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നവരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യവും മൂവാറ്റുപുഴ നഗരസഭ ചെയ്തിട്ടുണ്ട്. ക്യാമ്പിലെത്തുന്നവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ എത്തിച്ച് നൽകുന്നുണ്ടെന്നും, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ നഗരസഭ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു. ക്യാമ്പിൽ എത്തുന്നവർക്ക് എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്ന് പിടിക്കാതിരിക്കാനുള്ള പ്രതിരോധ മരുന്നുകളും സജ്ജമാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പം, തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്. ഡി.വൈ.എഫ്.ഐ, ടീം വെൽഫയർ, സംഘടനകളുടെ പ്രവർത്തകർ വെള്ളം കയറിയ വീടുകളിൽ സ്ഥാപനങ്ങളിൽ നിന്നും സാധനസാമിഗ്രികൾ മാറ്റുന്നതിന് സഹായവുമായി എത്തി. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.