കൊച്ചി: ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ആലുവ മണപ്പുറത്ത് മൂന്നിന് പുലർച്ചെ 12 മുതലും ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുലർച്ചെ നാലിനും പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ രാവിലെ ആറിനും പാലാരിവട്ടം ശ്രീ ഹരിഹരസുത ക്ഷേത്രത്തിൽ പുലർച്ചെ 4.30നും എറണാകുളം അയ്യപ്പൻകാവിൽ രാവിലെ 5.30നും പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിൽ രാവിലെ ആറിനും ബലിതർപ്പണച്ചടങ്ങുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബലിതർപ്പണത്തിന് ശേഷം ക്ഷേത്രങ്ങളിൽ കർക്കടക പൂജയുടെ ഭാഗമായുള്ള ഗണപതിഹോമം, തിലഹവനം, പിതൃനമസ്കാരം തുടങ്ങിയ ചടങ്ങുകളുമുണ്ടാകും. നെട്ടൂർ മഹാദേവ ക്ഷേത്രം, കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രം, പുതുപ്പള്ളിപ്രം സുബ്രഹ്മണ്യ ക്ഷേത്രം, പൊന്നുരുന്നി സുബ്രഹ്മണ്യ ക്ഷേത്രം, വടുതല സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
യാത്രാ സൗകര്യമൊരുക്കും
ആലുവ മണപ്പുറത്തേയ്ക്കും ബലി തർപ്പണത്തിനുശേഷം മടങ്ങുന്നതിനുമായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്താനുള്ള ക്രമീകരണം ആവശ്യപ്പെട്ട് ജില്ല ഭരണകൂടം കെ.എം.ആർ.എൽ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. കെ.എസ്.ആ.ടി.സി ആലുവ, എറണാകുളം, പെരുമ്പാവൂർ മേഖലയിൽ അധിക സർവീസുകളും നടത്തും. തോട്ടക്കാട്ടുകര, ചേലാമറ്റം എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ആലുവയിൽ കനത്ത സുരക്ഷ
മഴ ശക്തമായ സാഹചര്യത്തിൽ ആലുവ മണപ്പുറം, ചേലാമറ്റം, കാലടി എന്നിവിടങ്ങളിൽ
തർപ്പണത്തിനെത്തുന്നവർക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതിന് ജില്ലാഭരണകൂടവും ദുരന്ത നിവാരണ അതോറിട്ടിയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പെരിയാറിൽ നദിയിലെ വെള്ളപ്പൊക്ക സാദ്ധ്യത പരിഗണിച്ച് ആലുവയിൽ 24 മണിക്കൂറും ബോട്ടുകളും സ്‌കൂബാടീമും രംഗത്തുണ്ടാകും. എല്ലാ ക്ഷേത്രങ്ങളിലും ഗ്രീൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.