mazha

കൊച്ചി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രതികൂലാവസ്ഥകൾ നേരിടാൻ ജില്ല ശക്തമാണെന്ന് ജില്ലാ ഭരണകൂടം. സ്ഥിതിഗതികൾ വിലയിരുത്താൻ ദുരന്ത നിവാരണ അതോറിട്ടിയുടെ അടിയന്തരയോഗം ചേർന്നു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതാ മേഖലകളിൽ കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറ്റാൻ കളക്ടർ എൻ.എസ്.കെ. ഉമേഷ് നിർദ്ദേശിച്ചു.

തഹസിൽദാർമാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് ഓഫീസർമാർ എന്നിവർ ഫീൽഡിലുണ്ടാകണമെന്ന് നിർദ്ദേശം നൽകി.

അഗ്നിശമന സേന, പൊലീസ്, ഗതാഗതം, തദ്ദേശവകുപ്പ് ഉൾപ്പെടെ എല്ലാ വകുപ്പുകളും സജ്ജം. നേവി, കോസ്റ്റ് ഗാർഡ്, എൻ.ഡി.ആർ.എഫ് എന്നിവയും രംഗത്തുണ്ട്.

വിവിധ സേനാ വിഭാഗങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. നിലവിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സബ് കളക്ടർ സന്ദർശിക്കും. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളതും കടലാക്രമണ സാദ്ധ്യതയുള്ളതുമായ സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കും.


മറ്റ് തീരുമാനങ്ങൾ

നദീതീരങ്ങളിൽ പൊലീസ് പട്രോളിംഗ് ഉണ്ടാകും

ആവശ്യമെങ്കിൽ തീരപ്രദേശങ്ങിൽ മൈക്ക് അനൗൺസ്മെന്റ്

തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത പ്രതിരോധ ഉപകരണങ്ങൾ ഏകോപിപ്പിക്കും