പറവൂർ: തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന തോരാത്ത മഴയിൽ പെരിയാറിലും ചാലക്കുടിയാറിലും ജലനിരപ്പ് ഉയർന്നതോടെ പറവൂർ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുത്തൻവേലിക്കര, ചേന്ദമംഗലം, കരുമാല്ലൂർ, ആലങ്ങാട്, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. താലൂക്കിലാകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പലയിടത്തും ക്യാമ്പ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പുത്തൻവേലിക്കര പഞ്ചായത്തിലെ കോഴിത്തുരുത്ത്, തെനപ്പുറം, കണക്കൻകടവ്, തേലത്തുരുത്ത്, പുലിയംതുരുത്ത്, ചൗക്കക്കടവ് തുടങ്ങിയ മേഖലകളിലാണ് കൂടുതൽ പ്രശ്‌നം. ചാലക്കുടിയാറിനോടും പെരിയാറിനോടും ചേർന്നു കിടക്കുന്ന സ്‌ഥലങ്ങളാണിവ. പുഴയും കൈവഴികളും തോടുകളും കരകവിഞ്ഞൊഴുകിയാണ് വീട്ടുവളപ്പുകളിലും വീടുകൾക്കുള്ളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത്. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ 12 ഷട്ടറുകളിൽ 10 എണ്ണം ഉയർത്തിയിട്ടുണ്ട്. കോഴിത്തുരുത്ത്, തെനപ്പുറം മേഖലകളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് വീട്ടുകാർ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കും മാറി. ഇളന്തിക്കര ഹൈസ്‌കൂളിലും തേലത്തുരുത്ത് കേരള ഓഡിറ്റോറിയത്തിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പകളിൽ പത്തിലധികം വീട്ടുകാർ എത്തിയിട്ടുണ്ട്. ചേന്ദമംഗലം പഞ്ചായത്തിലെ തെക്കുംപുറം, പഴമ്പിള്ളിത്തുരുത്ത് ഭാഗങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കുന്നുണ്ട്. തെക്കുംപുറം തോട് കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് സമീപത്തെ അഞ്ച് വീടുകൾ വെള്ളത്തിലായി. പാലാതുരുത്ത് ഗുരുദേവ സംഘമിത്ര ഹാളിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. ചിറ്റാറ്റുകര പഞ്ചായത്തിലെ വലിയപല്ലംതുരുത്ത്, ചെറിയപല്ലംതുരുത്ത്, തൂയിത്തറ, മുണ്ടുരുത്തി, പറവൂത്തറ തുടങ്ങിയ മേഖലകളിൽ വെള്ളം ഉയർന്നു. കണ്ണൻകുളങ്ങര ഗവ. എൽ.പി.എസിൽ ക്യാമ്പ് തുടങ്ങി. കിടപ്പുരോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് വിട്ടുനൽകും. കരുമാല്ലൂർ പഞ്ചായത്തിലെ മാട്ടുപുറം, മുറിയാക്കൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ഒന്ന്, നാല്, ഏഴ്,​ എട്ട് വാർഡുകളുടെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. ചില വീടുകളിൽ വെള്ളം കയറി. പുറപ്പിള്ളിക്കാവ് ബണ്ടിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മാഞ്ഞാലി എ.ഐ.യു.പി.എസ്, തട്ടാംപടി സെന്റ് ലിറ്റിൽ ട്രീസാസ്, ആലങ്ങാട് കെ.ഇ.എം.എച്ച്എസ്, വെളിയത്തുനാട് എം.ഐ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് തുടങ്ങിയെങ്കിലും ആളുകൾ എത്തി തുടങ്ങിയിട്ടില്ല. ആലങ്ങാട് പഞ്ചായത്തിലെ മേത്താനം കണ്ണാലിത്തെറ്റ, പാനായിക്കുളം കരീച്ചാൽ, കോട്ടപ്പുറം ചെറുതുരുത്ത് എന്നീ പ്രദേശങ്ങളിലുള്ള ഇരുപതിലധികം വീടുകളിൽ വെള്ളം കയറി.