പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ ഓണംകുളം ഊട്ടിമറ്റം റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 7 കോടി രൂപയുടെ പദ്ധതിയാണ് സർക്കാരിന് സമർപ്പിച്ചത്. നിയോജക മണ്ഡലങ്ങളിലെ വിവിധ പദ്ധതി നിർദേശങ്ങൾ പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ നിർദ്ദേശിക്കാൻ സർക്കാർ എം.എൽ.എമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പെരുമ്പാവൂർ മണ്ഡലത്തിന് അനുവദിച്ച 7 കോടി രൂപയുടെ പദ്ധതികളിലേക്ക് ഓണംകുളം-ഊട്ടിമറ്റം റോഡ് പദ്ധതി എൽദോസ് കുന്നപ്പിള്ളി ശുപാർശ ചെയ്തത്. 4.15 കിലോമീറ്റർ നീളത്തിലാണ് റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നത്. റോഡ് നവീകരണത്തോടൊപ്പം വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിൽ കലുങ്കുകളും കാനകളും നിർമ്മിക്കും. രാത്രി യാത്രികർക്ക് സഹായകരമായി ദിശ ബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കും. ശോചനീയാവസ്ഥയിലായ റോഡ് നവീകരണത്തിനായി തുക അനുവദിക്കണം എന്നാവശ്യപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നഗ്നപാദനായി നടന്നു പ്രതിഷേധിച്ചിരുന്നു. ഈ വിഷയം നിയമസഭയിൽ സബ്മിഷനായും ഉന്നയിച്ചിരുന്നു. മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ചു റോഡ് നവീകരണം 6 മാസത്തിനകം പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.