pathalakuzhi
ഫോട്ടോ അടിക്കുറിപ്പ്: ഓടയ്ക്കാലി കുരിശുംപടി കവലയിലെ പാതാളക്കുഴികളില്‍ ഇന്നലെപ്പെയ്ത മഴയില്‍ രൂപംകൊണ്ട വെള്ളക്കെട്ട്.

പെരുമ്പാവൂർ: കുറുപ്പംപടി ഓടയ്ക്കാലി തലപ്പുഞ്ച - മേതല കല്ലിൽ റോഡ് തകർന്നു തരിപ്പണമായ അവസ്ഥയിൽ. തീർത്ഥാടന കേന്ദ്രമായ കല്ലിൽ ഭഗവതി ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്രക്കാരെല്ലാം എപ്പോൾ വേണ്ടമെങ്കിലും അപകടമുണ്ടാകും എന്ന ഭീതിയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ വേണമെന്ന പ്രദേശവാസികളുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്‌കൂൾ ബസുകൾ ഇതുവഴിയുള്ള ഓട്ടം അവസാനിപ്പിച്ചിട്ട് കാലങ്ങളായി. മഴക്കാലത്ത് വെള്ളക്കെട്ട് നിറഞ്ഞ പാതയിൽ നീരൊഴുക്കിന് ഫലപ്രദമായ സംവിധാനങ്ങളില്ല. അപൂർവം സ്ഥലങ്ങളിൽ അവശേഷിക്കുന്ന കരിങ്കൽക്കെട്ടില്ലാത്ത കാനയുടെ വശമിടിഞ്ഞ് ജലപ്രവാഹം തടസപ്പെട്ടിരിക്കുന്നു. എട്ടു മീറ്റർ വീതിയുണ്ടെന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്ന റോഡിന് പലയിടങ്ങളിലും നാല് മീറ്റർ പോലും വീതിയില്ല.

നിരന്തരമായി അപകടങ്ങളുടെ പശ്ചാത്തലത്തിൽ നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടർന്ന് ഭാരവാഹനങ്ങളുടെ പരിശോധനകൾ കർശനമാക്കിയിരുന്നു. എന്നാൽ അനധികൃത രാഷ്ട്രീയ ഇടപെടലിൽ ഇത് അട്ടിമറിക്കപ്പെട്ടു.
മേതല കല്ലിൽ ഗുഹാക്ഷേത്രം, ഓടയ്ക്കാലി സെന്റ് മേരീസ് പള്ളി, തലപ്പുഞ്ച മഹാദേവ ക്ഷേത്രം, വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രം, ജറുശലേം സെന്റ് പീറ്റേഴ്‌സ് ചാപ്പൽ, രാമപുരത്തമ്പലം, വിവിധ സ്‌കൂളുകൾ, അശമന്നൂർ ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, വില്ലേജ് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, കാർഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പ്രദേശവാസികളുടെ ഏക ഗതാഗത മാർഗമാണിത്.

യാത്ര സുരക്ഷിതവും അപകടരഹിതവുമാക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണം

ജോജു ജോസഫ്

പരിസ്ഥിതി പ്രവർത്തകൻ

മഴവെള്ളം കുത്തിയൊലിച്ച് വശം ഇടിഞ്ഞതിനാൽ റോഡിന് നി ലോറിക്ക് പോകാനുള്ള വീതി മാത്രം. എന്നാൽ ഇതുവഴി ചീറിപ്പായുന്നത് അമിതഭാരം കയറ്റിയ ടോറസുകളും ടിപ്പറുകളും കണ്ടെയ്‌നർ ലോറികളും. ഈ നിയമ ലംഘനം ഗ്രാമീണ റോഡുകളിലൂടെ വലിയ വാഹനങ്ങൾ പോകരുതെന്ന സർക്കാർ ഉത്തരവിനെ മറികടന്ന്. സ്കൂൾ സമയങ്ങളിൽപോലും ഈ നിയമലംഘനം തുടരുന്നു.

ക്രഷറുകളിലേക്ക് കരിങ്കല്ലുമായി പോകുന്ന ടോറസ് ട്രക്കുകൾ

പ്ലൈവുഡ് കമ്പനികളിലേക്ക് അമിത ഭാരവുമായിപ്പോകുന്ന തടിലോറികൾ

അരിക്കമ്പനിയിലേക്കുള്ള നാഷണൽ പെർമിറ്റ് കണ്ടെയ്‌നർ ലോറികൾ

കുഴികൾ കൂടുതൽ ഇവിടെ

1. കുരിശുംപടി ഭാഗം

2. നമ്പേലി ഇറക്കം

3. തലപ്പുഞ്ച ട്രാൻസ്‌ഫോർമർ കവല

4. പുളിഞ്ചോട് കവല

5. മുട്ടത്തുമുകൾ

6. മേതല തുരങ്കം കനാൽ കവല