കൊച്ചി: നിറുത്താതെ തുടരുന്ന കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. നദികൾ നിറഞ്ഞൊഴുകുകയാണ്. പെരിയാറും മൂവാറ്റുപുഴയാറിലും അപകട നിലയ്ക്കും മുകളിലേക്ക് ജലനിരപ്പുയർന്നു. വിവിധ താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 138 കുടുംബങ്ങളാണുള്ളത്. 470പേരാണ് ക്യാമ്പുകളിലുള്ളത്. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 73.04എം.എം മഴയാണ് ലഭിച്ചത്. എറണാകുളം നഗരത്തിലെ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കമ്മട്ടിപ്പാടം എന്നിവിടങ്ങളിൽ വെള്ളം കയറി.
ആലുവ, കോതമംഗലം, മൂവാറ്റുപുഴ, പറവൂർ താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ. കൂടുതൽ ക്യാമ്പുകളുള്ള ആലുവ താലൂക്കിൽ ആറു ക്യാമ്പുകളിലായി 51 പേരെ മാറ്റിപ്പാർപ്പിച്ചു. കളമശേരി, ഏലൂരിൽ കുറ്റിക്കാട്ടുകര ബോസ്കോ കോളനി, പവർലൂം ജംഗ്ഷൻ, കിഴക്കുംഭാഗത്ത് വലിയചാൽ തോട്, ചിറാക്കുഴി, മുഹമ്മദ് പിള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ബോസ്കോ കോളനിയിലെ 44 വീട്ടുകാരെ കുറ്റിക്കാട്ടുകര ഗവ. യു.പി സ്കൂളിലേക്ക് മാറ്റി. പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ആലുവ, കുന്നത്തുനാട്, പറവൂർ, കോതമംഗലം താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലങ്കര ഡാം തുറന്നതോടെ മൂവാറ്റുപുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഭൂതത്താൻകെട്ട് ബാരേജിൽ ക്രമാതീതമായി വെള്ളമുയർന്നതോടെ എല്ലാ ഷട്ടറുകളും ഉയർത്തി പെരിയാറിലേക്ക് ജലം ഒഴുക്കി വിടുന്നുണ്ട്.
ഡാമുകളിലെ ജലനിരപ്പ്
മലങ്കര
നിലവിലെ ജലനിരപ്പ് - 39.14 മീറ്റർ
ആറ് ഷട്ടറുകളും തുറന്നു
ഇടമലയാർ
നിലവിലെ ജലനിരപ്പ് - 155.66 മീറ്റർ
ഷട്ടറുകൾ തുറന്നിട്ടില്ല.
ഭൂതത്താൻകെട്ട് ബാരേജ്
നിലവിലെ ജലനിരപ്പ്- +29.7മീറ്റർ
15 ഷട്ടറുകളും തുറന്നു
മഴക്കെടുതിയിൽ ജില്ല
ആലുവ
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആലുവ മണപ്പുറം ശിവക്ഷേത്രത്തിൽ ഇക്കുറി വീണ്ടും ദേശേശ്വരന് ആറാട്ട്. പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ നടക്കുന്ന കർക്കടക വാവ് ബലി തർപ്പണത്തെയും ബാധിച്ചേക്കും. രണ്ടാം തീയതിക്ക് മുമ്പായി വെള്ളം ഇറങ്ങിയെങ്കിൽ മാത്രമെ ബലിത്തറകൾ നിർമ്മിക്കാൻ കഴിയൂ.
പെരിയാറിലെ ചെളിയുടെ അളവ് കൂടിയത് ആലുവ ജലശുദ്ധീകരണശാലയുടെ പ്രവർത്തനത്തെയും ബാധിക്കും. ഇന്നലെ പെരിയാറിലെ ചെളിയുടെ അളവ് 100 എൻ.ടി.യുവാണ്.
പെരുമ്പാവൂർ
പെരുമ്പാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. വ്യാപക നാശനഷ്ടവുമുണ്ടായി. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വേങ്ങൂർ കൊമ്പനാട് വില്ലേജിൽ പാറക്കടവ് സോസെറ്റി പാലം റോഡിൽ വെള്ളം കയറി. നാല് കുടുംബങ്ങളെ മാറ്റി. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒക്കൽ തുരുത്ത് ഒറ്റപ്പെട്ടു. ഇവിടുത്തുകാരെ ഒക്കൽ എൽ.പി സ്കൂളിലേക്ക് മാറ്റി. ഒക്കൽ തുരുത്തിലേക്കുള്ള ചപ്പാത്ത് റോഡിലും വെള്ളം കയറി.
മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭ, പായിപ്ര, ആയവന പഞ്ചായത്തുകളിലെ നൂറോളം വീടുകളിൽ വെള്ളം കയറി. നിരവധിപ്പേര് ബന്ധുവീടുകളിലേക്ക് മാറി. ശേഷിക്കുന്നവർക്കായി അഞ്ച് ക്യാമ്പുകൾ തുറന്നു. മാറാടി, വാളകം, ആവോലി, ആരക്കുഴ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോതമംഗലം, കാളിയാർ, തൊടുപുഴ ആറുകളിൽ ജലനിരപ്പ് അപകടകരമാവിധം ഉയർന്നു. കേന്ദ്ര ജലകമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി. കിഴക്കേക്കരക്കടവിൽ വഴിതെറ്റിയ കാർ മൂവാറ്റുപുഴയാറിലേക്ക് പതിച്ചു. ആളപായമില്ല.
കാലടി
കാലടിയിൽ പെരിയാറിനു നടുവിലുള്ള ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ഇതിനു മുൻപ് 2018 ലെ പ്രളയത്തിലാണ് ക്ഷേത്രം മുങ്ങിയത്.
താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മലയാറ്റൂർ പള്ളിക്കു പുറകിൽ വരെ മലവെള്ളമെത്തി. കാഞ്ഞൂർ പഞ്ചായത്തിലും വിവിധയിടങ്ങളിൽ വെള്ളം കയറി.