ആലുവ: സി.പി.എം നേതൃത്വം നിർദ്ദേശിച്ചതിനെ തുടർന്ന് എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ പ്രീജ കുഞ്ഞുമോൻ പഞ്ചായത്ത് അംഗത്വവും പാർട്ടി അംഗത്വം രാജിവെയ്ക്കും. ഇതുസംബന്ധിച്ച് പ്രീജയുടെതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പാർട്ടിക്കെതിരായ കുറിപ്പ് പ്രീജ നിഷേധിച്ചിട്ടില്ല.
ചിലരുടെ വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാനാണ് പാർട്ടി തന്നോട് രാജി ആവശ്യപ്പെട്ടതെന്നാണ് കുറിപ്പിൽ പ്രീജ അവകാശപ്പെടുന്നത്. പാർലമെന്ററി പാർട്ടി യോഗത്തിൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി സെയ്തുമുഹമ്മദ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാറുമ്പോൾ വൈസ് പ്രസിഡന്റും മാറണ്ടേയെന്ന് ചോദിച്ചപ്പോൾ ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്ന് പറഞ്ഞു അദ്ദേഹത്തെ മുതിർന്ന അംഗം അപമാനിച്ചു. കഴിഞ്ഞ മൂന്നര വർഷക്കാലം ഇവർ തന്നെ പ്രതിസന്ധിയിലും മാനസിക സമ്മർദ്ദത്തിലുമാക്കിയെന്നും ആരോപിക്കുന്നു.
പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ ധാരണയൊന്നും ഉണ്ടായിരുന്നില്ല. രണ്ടര വർഷം കഴിഞ്ഞപ്പോൾ പാർട്ടി ഏരിയാകമ്മറ്റിയിലെ ചിലർ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലോക്കൽ കമ്മറ്റിയിൽ ചർച്ചയുണ്ടായെങ്കിലും സി.പി.എമ്മിൽ ഇങ്ങനെ കീഴ്‌വഴക്കം ഇല്ലെന്നും പ്രസിഡന്റ് മാറ്റം മറന്നേക്കാനുമാണ് യോഗത്തിൽ പങ്കെടുത്ത സംസ്ഥാന കമ്മറ്റി അംഗം മറുപടി നൽകിയത്. എന്നാൽ പിന്നീട് ഏരിയ കമ്മിറ്റി മറിച്ച് തീരുമാനമെടുത്തത് അംഗീകരിക്കാനാകില്ലെന്നും കുറിപ്പിൽ പറയുന്നു. നൊച്ചിമ മാരിയിൽ ബ്രാഞ്ച് സെക്രട്ടറിയായ ഭർതൃസഹോദരനും പാർട്ടി അംഗമായ ഭർത്താവും ഇവരോടൊപ്പം പാർട്ടി അംഗത്വം രാജിവെക്കുമെന്നും പറയുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് എട്ടിന്
എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് എട്ടിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. ആലുവ എ.ഇ.ഒയാണ് റിട്ടേണിംഗ് ഓഫീസർ. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സി.പി.എമ്മിലെ എം.കെ. ലിജി എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും.