കൊച്ചി: തീരദേശപരിപാലന പദ്ധതിയിൽ (സി.ഇസഡ്.എം.പി) ഉൾനാടൻ ദ്വീപുകൾക്ക് ഇളവിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളും. സമരങ്ങളും സമ്മർദ്ദങ്ങളും ചെലുത്തിയിട്ടും കരട് പ്ളാൻ തയ്യാറാക്കാൻ വൈകിയതോടെ തീരദേശവാസികൾ നൽകിയ ഹർജിയിൽ സർക്കാർ അനുകൂലനിലപാട് അറിയിച്ചു. കരട് തയ്യാറാക്കി ജനാഭിപ്രായം രേഖപ്പെടുത്തി അന്തിമറിപ്പോർട്ട് പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും.

2019 ജനുവരി 19ന് പ്രസിദ്ധീകരിച്ച തീരദേശ പരിപാലന വിജ്ഞാപനപ്രകാരം ഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ തീരദേശ പരിപാലനപ്ലാൻ 2021 ഏപ്രിൽ 12 നാണ് പ്രസിദ്ധീകരിച്ചത്. ഇളവുകൾ അനുവദിച്ച് പരിഷ്‌കരിച്ച അന്തിമപ്ളാൻ തീരവാസികൾക്ക് ലഭ്യമായിട്ടില്ല. തെറ്റുകൾ തിരുത്തി അന്തിമമാപ്പ് വൈകാതെ പുറത്തിറക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

ഉൾനാടൻ ദ്വീപുകൾക്കുവേണ്ടി വീടുകളുടെ നിർമ്മാണത്തിനുൾപ്പെടെ ദൂരനിയന്ത്രണപരിധി 20 മീറ്ററായി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. അതിനായി നിർദ്ദേശിക്കപ്പെട്ട സംയോജിത ഐലൻഡ് മാനേജ്‌മെന്റ് പ്ലാനിന്റെ (ഐ.ഐ.എം.പി ) കരടുപോലും പുറത്തിറങ്ങിയിട്ടില്ല. നിരന്തരമായ സമ്മർദ്ദത്തിനിടയിൽ സർക്കാർ ഹൈക്കോടതിയിൽ കഴിഞ്ഞദിവസം മറുപടി നൽകി. ഉൾനാടൻ ദ്വീപുകൾക്കായി പ്ളാൻതയ്യാറാക്കാൻ നാഷണൽ സെന്റർ ഫോർ സസ്‌റ്റെയിനബിൾ കോസ്റ്റൽ മാനേജ്ന്റിനെ ചുമതലപ്പെടുത്തിയെന്നാണ് സർക്കാർ അറിയിച്ചത്. ഹർജി അടുത്തമാസം 22ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

വീട് പണിയാൻ ഇളവ് വേണം

2019ലെ വിജ്ഞാപനത്തിൽ ചില ഇളവുകൾ തീരദേശമേഖലയ്ക്ക് പുതുക്കിയ പ്ലാനിൽ നൽകിയിരുന്നു. പട്ടണത്തിന്റെ പദവിക്ക് തുല്യമായ ഗ്രാമപഞ്ചായത്തുകളിൽ തീരത്തുനിന്ന് 50മീറ്റർമാറി വീടുകൾ നിർമ്മിക്കാൻ അനുമതി നൽകിയിരുന്നു. ആദ്യ വിജ്ഞാപനത്തിൽ 100 മീറ്ററായിരുന്നു ദൂരപരിധി. 100 മീറ്റർ പരിധിമൂലം തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ അനുമതി ലഭിക്കില്ലായിരുന്നു. പ്രതിഷേധം ഉയർന്നപ്പോഴാണ് 50 മീറ്ററായി ചുരുക്കിയത്. കായൽ, പുഴകൾ എന്നിവയുടെ തീരത്തെ ഉൾനാടൻ ദ്വീപുകളിൽ 20 മീറ്ററായി ചുരുക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

നിലവിലെ അവസ്ഥ

ഉൾനാടൻ ദ്വീപുകൾ 178

വിസ്‌തൃതി 10 ഹെക്‌ടർ വരെ

നിർമ്മാണപരിധി 50 മീറ്റർ

കുറയ്‌ക്കണ്ടത് 20 മീറ്ററായി


''കരട് പ്ളാൻ പ്രസിദ്ധീകരിച്ച് പൊതുഹിയറിംഗ് നടത്തി അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചാലേ ഉൾനാടൻ ദ്വീപുവാസികൾക്ക് കൂടുതൽ ഇളവുകൾ ലഭിക്കുകയുള്ളു.""

അഡ്വ. ഷെറി ജെ. തോമസ്