soil

കൊച്ചി: വയനാട്ടിലുണ്ടായ ദുരന്തത്തിൽ നാടാകെ വിറങ്ങലിച്ച് നിൽക്കുമ്പോൾ എറണാകുളത്തിന്റെ കിഴക്കൻ മേഖല അതീവ ജാഗ്രതയിൽ. നേര്യമംഗലം താലൂക്കിലെ വിവിധ മേഖലകളിൽ മണ്ണിടിച്ചിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. മഴക്കാലങ്ങളിൽ മണ്ണിടിച്ചിൽ പതിവുള്ള പ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.
മൂവാറ്റപുഴ വെള്ളൂർക്കുന്നം കോർമലയിൽ വലിയതോതിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. 2015 ജൂലായ് അഞ്ചിലെ കനത്ത മഴയിൽ നഗരമദ്ധ്യത്തിലെ കോർമലക്കുന്ന് ഇടിഞ്ഞ് എം.സി റോഡിൽ പതിച്ചിരുന്നു.

വാട്ടർ അതോറിട്ടിയുടെ കുടിവെള്ള ടാങ്കടക്കം സ്ഥിതിചെയുന്ന മല സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനം നടപ്പായിട്ടുമില്ല.

ഇത്തവണ കോർമലയിൽ താമസിക്കുന്ന അഞ്ച് കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിരുന്നു. വെള്ളൂർക്കുന്നം വില്ലേജ് ഓഫീസർ നോട്ടീസും നൽകി. പല കുടുംബങ്ങളും മാറാൻ തയ്യാറായില്ല. പൊലീസ് സഹായത്തോടെ മാറ്റേണ്ടിവരുമെന്ന മുന്നറിയിപ്പ്‌ നൽകേണ്ടിവന്നു.

 കീലേരിമലയിലും ആശങ്ക

മണ്ണിടിച്ചിലിനെ തുടർന്ന ഈ വർഷം ഒന്നിലേറെ തവണ കാക്കനാട് കീലേരിമലയിലെ ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നു. മഴ മാറിയെന്ന ആശ്വാസത്തിൽ ക്യാമ്പിൽനിന്ന് വീടുകളിലേക്ക് മടങ്ങിയവർ ദിവസങ്ങൾക്കുള്ളിൽ വീണ്ടും തിരിച്ചെത്തി. ജൂണിലും ഇവിടെ മണ്ണിടിച്ചിലും മരംവീഴ്ചയുമുണ്ടായി.

27 കുടുംബങ്ങൾ ഉണ്ടായിരുന്ന ഇവിടെ 13 കുടുംബങ്ങളാണിപ്പോഴുള്ളത്. പുനരധിവാസമെന്ന ഇവരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.


 കുട്ടമ്പുഴ വനമേഖല

മഴക്കാലത്ത് കുട്ടമ്പുഴ വനമേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പതിവാണ്. വനത്തിനുള്ളിലായതിനാൽ ജനങ്ങൾക്ക് പ്രശ്‌നമുണ്ടാകാറില്ലെങ്കിലും താഴെയുള്ള പുഴകളിൽ ജലനിരപ്പ് കുതിച്ചുയരും. കിഴക്കൻ മേഖലയിലെ 46 ഏക്കർ കോളനിയിൽ 2016ൽ വലിയ വിള്ളലുണ്ടായെങ്കിലും അത് മൂടിപ്പോയെന്ന് റവന്യൂ വകുപ്പ് പറയുന്നത്.

 മണ്ണിടിച്ചിൽ സാദ്ധ്യതാ മേഖലകൾ

(2021 ലെ റിപ്പോർട്ട് പ്രകാരം


ആലുവ അയ്യമ്പുഴ സ്ലൈഡ് 1, 2

 ചൂണ്ടി കൈലാസ് കോളനി

കീഴ്മാട്

കറുകുറ്റി കാരമറ്റം

അയ്യമ്പുഴ

തണ്ണിത്തോട് മുണ്ടപ്പുറം

വെറ്റിലപ്പാറ ഫാക്ടറിക്കു സമീപം പ്ലാന്റേഷൻ

അയ്യമ്പുഴ കട്ടിംഗ്

നേര്യമംഗലം

കുട്ടമ്പുഴ

കല്ലേലിമേട്

 നീണ്ടപാറ

ആലുവ മൂന്നാർ റോഡിലെ തലക്കോട് റോഡിന് 500 മീറ്റർ കിഴക്ക്

കോതമംഗലം ചെമ്പൻകുഴി സ്ലൈഡ് 1,2,3

എൻ.എച്ച് 49 സ്ലൈഡ് 2

 നിലവിലെ മുന്നറിയപ്പ് മേഖല

നേര്യമംഗലം- ഇടുക്കി റോഡ്

നീണ്ടപാറ റോഡ്

46 ഏക്കർ കോളനി

കുട്ടമ്പുഴ വനമേഖല

കീലേരിമല

ഉറിയൻപെട്ടി

 വെള്ളൂർകുന്നം

കോർമല