
പറവൂർ: ദേശീയപാതയോട് ചേർന്ന് മറിഞ്ഞുവീഴാൻ സാദ്ധ്യതയുള്ള വാകമരം മുറിച്ചു മാറ്റാനുള്ള നടപടികൾ നീളുന്നു. പറവൂർ പാലത്തിന് സമീപത്തെ കൂറ്റൻ വാകമരത്തിന്റെ അടിയിലാണ് കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ. മരച്ചില്ലകൾ ഒടിഞ്ഞ് വീണാൽ പോലും വലിയ അപകടമുണ്ടായേക്കും. വാകമരം മുറിച്ചു മാറ്റുന്നതിന് കെ.എസ്.ഇ.ബി നിരവധി തവണ ശ്രമിച്ചെങ്കിലും ആര് മുറിക്കുമെന്നതിൽ തർക്കം നീളുകയാണ്. പൊതുമരാമത്ത് വകുപ്പിനും തദ്ദേശസ്വയം ഭരണസ്ഥാപനത്തിനും കെ.എസ്.ഇ.ബി കത്ത് നൽകിയിരുന്നു. മരം തങ്ങളുടേതല്ലെന്ന നിലപാടാണ് ഇരുവരും നൽകിയ മറുപടി. ഇതുസംബന്ധിച്ച് ഒരു വർഷത്തോളമായി കെ.എസ്.ഇ.ബി ബന്ധപ്പെട്ട വകുപ്പുകൾക്ക് പലതവണ കത്ത് നൽകിയിരുന്നു. അവസാനമായി ജില്ലാ കളക്ടർക്ക് കത്ത് നൽകി കാത്തിരിക്കുകയാണ്. ഇതിനിടയിൽ അപകടം സംഭവിച്ചാൽ എല്ലാവരും കയ്യൊഴിയുമെന്ന് ഉറപ്പാണ്. ട്രാൻസ്ഫോർമറിന് സമീപത്ത് നിരവധി കച്ചവടസ്ഥാപനങ്ങളും തീരദേശ റോഡുമുണ്ട്. അപകട സാദ്ധ്യതയുള്ള വാകമരത്തിന് സമീപത്തെ മറ്റൊരു മരം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ദേശീയപാതയിലേക്ക് മറിഞ്ഞുവീണിരുന്നു.