കൊച്ചി: മാസപ്പടിക്കേസിൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മറ്റുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നതിനെ എതിർത്ത് സി.എം.ആർ.എൽ. ആരോപണങ്ങൾക്കപ്പുറം ഒരു വസ്തുതകളും ഹർജിക്കാർക്ക് പറയാനില്ലെന്ന് സി.എം.ആർ.എല്ലിന്റെ അഭിഭാഷകൻ പി.വിജയഭാനു ഹൈക്കോടതിയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പ്രതിഫലം നൽകിയതിനാൽ തങ്ങൾക്ക് അനുകൂലമായി പല ഉത്തരവുകളും സർക്കാർ പുറപ്പെടുവിച്ചെന്നാണ് പറയുന്നത്. എന്നാൽ, എല്ലായിടത്തും തടസമല്ലാതെ പത്തു പൈസയുടെ ഗുണം കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കി. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടിൽ മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി പറഞ്ഞു. ചില സേവനങ്ങൾ പ്രത്യക്ഷത്തിൽ ഉള്ളതായിരിക്കില്ല. പക്ഷേ, അതിന്റെ പേരിൽ സേവനമേ ഉണ്ടായിരുന്നില്ലെന്ന് പറയാനാകില്ലെന്നും ചൂണ്ടിക്കാട്ടി.
സി.എം.ആർ.എൽ കമ്പനി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ. ബാബു പരിഗണിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ ഫയൽ ചെയ്ത ഹർജിയും കോടതിയിലുണ്ട്. ഇതിൽ ആഗസ്റ്റ് ഏഴിന് അന്തിമവാദം കേൾക്കും.