mvpa

മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ പ്രദേശവാസികളുടെ ആശങ്കയകറ്റി മൂവാറ്റുപുഴ ആറിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞു. വിവിധ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയ രണ്ട് ദിവസത്തെ ശക്തമായ മഴക്കാണ് ഇന്നലെ ശമനമായത്. ജലനിരപ്പും താഴ്ന്നുതുടങ്ങി. ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച ഇടവിട്ടുള്ള കനത്ത മഴ തുടർന്നതോടെയും മൂവാറ്റുപുഴയാറിലെ ജനനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ ചൊവ്വാഴ്ച രാവിലെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇതേതുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച. കടാതി എൻ.എസ്.എസ് കരയോഗം, വാഴപ്പിള്ളി ജെ.ബി സ്‌കൂൾ, ടൗൺ യു.പി സ്‌കൂൾ, കുര്യൻമല കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇതിൽ വാഴപ്പിള്ളി ജെ.ബി സ്‌കൂളിൽ 35 പേരും ടൗൺ യു.പി സ്‌കൂളിൽ 3 പേരും കടാതി എൻ.എസ്.എസ് ഹാളിൽ 17 പേരും കുര്യൻമല കമ്മ്യൂണിറ്റി ഹാളിൽ 4 പേരും അടക്കം 89 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.

മൂവാറ്റുപുഴയാറിൽ അപകടനിലയ്ക്ക് മുകളിലായി ജലനിരപ്പ് ഉയർന്നതോടെ എം.എൽ.എയുടെയും, മറ്റ് ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് മലങ്കരഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയായിരുന്നു. ജലനിരപ്പ് താഴുകയും മഴ വിട്ടുനിൽക്കുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളപ്പൊക്കം ഏറ്റവും അധികം ബാധിച്ചത് മൂവാറ്റുപുഴ പട്ടണത്തെയാണ്. കനത്ത മഴയിൽ ഇതുവരെ 28 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റവന്യൂ അധികൃതർ പറഞ്ഞു.