gopalakrishnan

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. എ. ഗോപാലകൃഷ്ണൻ വിരമിച്ചു. 11 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കൽ.

സ്ത്രീകളെയും ട്രാൻസ്‌ജെൻഡറുകളെയും ശാക്തീകരിക്കുന്നതിനായി സമുദ്രമത്സ്യ ബന്ധനം, മത്സ്യകൃഷി, കൂടുകൃഷി, അലങ്കാരമത്സ്യ കൃഷി, കല്ലുമ്മക്കായ കൃഷി, കടൽപായൽ കൃഷി, വിപണനം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സംരംഭക പദ്ധതി ആരംഭിച്ചു.

കൂടുമത്സ്യകൃഷിക്കായി 11 കടൽമീനുകളുടെയും 18 അലങ്കാരമത്സ്യങ്ങളുടെയും കൃത്രിമ വിത്തുല്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചു. ദേശീയ വിത്തുബാങ്ക് (ബ്രൂഡ്ബാങ്ക്) വഴി യുവാക്കളെ സംരംഭകരാക്കാനുള്ള അവസരമൊരുക്കി.

മീനുകൾ അമിതചൂഷണത്തിന് വിധേയമാകുന്നില്ലെന്ന് തെളിയിക്കുന്ന എം.എഫ്.എസ്.എസ് 2022 പഠന റിപ്പോർട്ട് രാജ്യാന്തര ശ്രദ്ധ നേടി. മത്തിയുടെ ജനിതകഘടനയുടെ സമ്പൂർണ ശ്രേണീകരണം, സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള കാർബൺ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ തോത് കണ്ടെത്തൽ, പുതിയ മീനുകളെ തിരിച്ചറിയൽ തുടങ്ങിയ ഗവേഷണങ്ങൾ ശ്രദ്ധേയമായി. ചെറുമത്സ്യബന്ധന നിരോധനത്തിന് വഴിയൊരുക്കിയ എം.എൽ.എസ് നിയന്ത്രണം, സർക്കാരുകളുടെ നയരൂപീകരണത്തിനായി നടത്തിയ പഠനങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകി.

80 സ്ഥാപനങ്ങളുമായി ഗവേഷണ സഹകരണത്തിനുള്ള സഹകരണകരാർ ഒപ്പുവച്ചു 45 കൺസൾട്ടൻസി പദ്ധതികൾ നടപ്പിലാക്കി. 140ലധികം ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സർദാർ വല്ലഭായ് പട്ടേൽ അവാർഡ് സി.എം.എ.ഫ്.ആർ.ഐയ്ക്ക് നേടിക്കൊടുത്തു.