1
ഫാത്തിമ ഫിറോസ് ഗാനാലാപനത്തിൽ

പള്ളുരുത്തി: ആദ്യവേദിയിൽത്തന്നെ ശ്രോതാക്കളുടെ മനംകവർന്ന് യുവഗായിക ഫാത്തിമ ഫിറോസ്. പള്ളുരുത്തി തങ്ങൾനഗർ മുട്ടുങ്കൽവീട്ടിൽ ഫിറോസിന്റെ മകൾ ഫാത്തിമയാണ് (20) മട്ടാഞ്ചേരി ഷാദിമഹലിൽ നടന്ന മുഹമ്മദ് റാഫി അനുസ്മരണ ചടങ്ങിൽ ശ്രോതാക്കളുടെ കൈയടി നേടിയത്. റാഫിയുടെ എക്കാലത്തേയും സൂപ്പർഹിറ്റ് ഗാനങ്ങളാണ് ഫാത്തിമ ആലപിച്ചത്. ഇതിൽ ദിവാന ഹുവേ ബാദൽ എന്ന ഗാനം എഴുപതുകാരൻ ലക്ഷ്മണനോടൊപ്പമാണ് ഫാത്തിമ ആലപിച്ചത്.

പിതാവ് ഫിറോസ് സംഗീതാസ്വാദകനും ചെറിയരീതിയിൽ പാട്ട് പാടുന്നയാളുമാണ്. ഫാത്തിമയ്ക്ക് ചെറുപ്പംമുതൽ സംഗീതത്തോട് താത്പര്യമുണ്ടായിരുന്നെങ്കിലും പുറത്ത് കാണിച്ചിരുന്നില്ല. പ്ളസ് വൺ പഠനകാലത്ത് പിതാവ് ഫിറോസ്‌കൂടി പങ്കാളിയായ കൊച്ചി കലാകൂട്ടായ്മയുടെ പരിപാടികൾ കാണാൻ ഒപ്പം പോകുമായിരുന്നു. ഇതോടെ സംഗീതത്തോട് കൂടുതൽ താത്പര്യമായി. തുടർന്ന് മഹാരാജാസ് കോളേജിൽ ബി.എ മ്യൂസിക് കഴിഞ്ഞ് ഇപ്പോൾ എം.എ മ്യൂസിക് ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്. സംഗീതത്തിൽ പിഎച്ച്.ഡി എടുത്ത് സംഗീത അദ്ധ്യാപികയാകണമെന്നാണ് ആഗ്രഹം. പൊതു വേദിയിൽ ഫാത്തിമ ആദ്യ പെർഫോമൻസിൽ തന്നെ മുഴുവൻ ആളുകളുടേയും പ്രശംസ പിടിച്ച് പറ്റി. സനൂബിയയാണ് ഫാത്തിമയുടെ മാതാവ്. പിതാവ് വിദേശത്താണ്.