ആലുവ: മിന്നൽ വേഗത്തിൽ ഉയർന്ന ജലനിരപ്പ് 24 മണിക്കൂറിനകം താഴ്ന്നതോടെ പെരിയാർ തീരവാസികളുടെ ആശങ്ക ഒഴിയുന്നു.ചൊവ്വാഴ്ച ഉച്ചയോടെ 4.10 മീറ്റർ വരെ ഉയർന്ന ജലനിരപ്പ് ഇന്നലെ വൈകുന്നേരത്തോടെ രണ്ട് മീറ്ററായി താഴ്ന്നു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ക്യാമ്പുകളിലും ബന്ധുവീടുകളിലുമെല്ലാം അഭയം തേടിയവർ തിരികെ വീട്ടിലേക്ക് മടങ്ങി തുടങ്ങി. സുരക്ഷിത സ്ഥലത്തേക്ക് നീക്കി വച്ചിരുന്ന വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം യഥാസ്ഥാനത്തേക്കും തിരിച്ചെത്തിയിട്ടുണ്ട്. മണപ്പുറത്ത് മഹാദേവ ക്ഷേത്രത്തിന്റെ മേൽകൂരയിൽ മുട്ടി നിന്നിരുന്ന ജലനിരപ്പ് ഇന്നലെ വൈകിട്ട് ചുറ്റമ്പലത്തിൽ മാത്രമായാണ് താഴ്ന്നത്. പെരിയാർ കരകവിഞ്ഞ് നില്ക്കുകയാണെങ്കിലും ഇന്നലെ കാര്യമായി മഴ ലഭിക്കാതിരുന്നതിനാൽ ഇന്നും വെള്ളത്തിന്റെ അളവ് നന്നായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഴക്ക് ശമനം ഉണ്ടായതോടെ പെരിയാറിലെ ചെളിയുടെ അളവും കുറഞ്ഞു. ചൊവ്വാഴ്ച 100 എൻ.ടി.യു ഉണ്ടായിരുന്ന ചെളിയുടെ അളവ് ഇന്നലെ വൈകിട്ട് 30 എൻ.ടി.യുവായിട്ടാണ് കുറഞ്ഞത്. മഴ തുടർന്നാൽ ആലുവ ജലശുദ്ധീകരണശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു അധികൃതർ.

കർക്കടക വാവ് ബലി തർപ്പണം: ആശങ്കയൊഴിഞ്ഞിട്ടില്ല

പെരിയാറിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ നടക്കുന്ന കർക്കടക വാവ് ബലി തർപ്പണത്തെ ബാധിക്കാനുള്ള സാദ്ധ്യത തുടരുകയാണ്. സാധാരണ ബലിതർപ്പണം നടക്കുന്ന മണപ്പുറം കടവിൽ ഇപ്പോഴും വെള്ളമുണ്ട്. വെള്ളം ഇറങ്ങിയാലും ചെളിയും മാലിന്യങ്ങളും നീക്കുന്നത് പ്രതിസന്ധിയുണ്ടാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ മണപ്പുറത്തെ ദേവസ്വം ഹാളിന് മുമ്പിലെ വാഹന പാർക്കിംഗ് ഏരിയയിൽ താത്കാലിക ബലിത്തറ അനുവദിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്. എന്നാൽ പെരിയാറിൽ മുങ്ങിക്കുളിക്കുന്നത് ഭക്തർക്ക് ദുഷ്കരമാകും.