collect

കൊച്ചി: ഉരുൾപ്പൊട്ടൽ ദുരന്തമേഖലയായ വയനാടിന് കൈത്താങ്ങാകാൻ ജില്ലയും. ദുരന്തമേഖലയിലേയ്ക്ക് സാധനങ്ങളെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടവന്ത്ര റീജിയണൽ സ്പോർട്‌സ് സെന്ററിൽ ഇന്നലെ ആരംഭിച്ച കളക്ഷൻ പോയിന്റിലേക്ക് നിരവധിപ്പേർ സാധനങ്ങൾ എത്തിച്ചു

ഇന്റർ ഏജൻസി ഗ്രൂപ്പ്, അൻപോട് കൊച്ചി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളിലെ 60ലേറെ വളന്റിയർമാരാണ് ഇവിടെയുള്ളത്. രാവിലെ 11ന് ആരംഭിച്ച കളക്ഷൻ പോയിന്റിലേയ്ക്ക് ഉച്ചയോടെ സാധനങ്ങൾ എത്തിത്തുടങ്ങി.

രണ്ട് ലോഡിലേറെ വെള്ളം, മരുന്നുകൾ, വസ്ത്രങ്ങൾ, ബെഡ്, പായകൾ, തലയിണ തുടങ്ങി നിരവധി സാധനങ്ങളുണ്ട്. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, എ.ഡി.എം ആശ തുടങ്ങിയവർ നേരിട്ടെത്തി കളക്ഷൻ പോയിന്റിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഫോർട്ട് കൊച്ചി സബ് കളക്ടറാണ് കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ. ക്യൂആർകോഡ്, അക്കൗണ്ട് ട്രാൻസ്ഫർ, ചെക്ക് കൈമാറൽ എന്നിവയ്ക്കുള്ള സൗകര്യം കേന്ദ്രത്തിലുണ്ട്.

 ഇനി സാധനങ്ങൾ വേണ്ട

ചൊവ്വാഴ്ച വൈകിട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ഷൻ പോയിന്റ് ആരംഭിച്ചതെന്നും എന്നാൽ അധികം സാധനങ്ങൾ ആവശ്യമില്ലെന്നാണ് നിലവിൽ ലഭിക്കുന്ന നിർദേശമെന്നും കളക്ടർ എൻ.എസ്.കെ. ഉമേഷ് കേരളകൗമുദിയോട് പറഞ്ഞു. ദുരന്തത്തിൽ തകർന്ന സ്ഥലങ്ങളിലുള്ളവർക്ക് മുന്നോട്ട് ജീവിക്കാനുള്ള കൈത്താങ്ങാകുകയാണ് വേണ്ടതെന്നാണ് സർക്കാർ നിർദ്ദേശമെന്നും അതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളാണ് ഇപ്പോൾ ആവശ്യമെന്നുമാണ് സർക്കാർ അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റെടുക്കേണ്ടത് വലിയ ദൗത്യം: മന്ത്രി പി. രാജീവ്

ദുരിത ബാധിതരെ സഹായിക്കുന്നതിനായി വലിയ ദൗത്യമാണ് ഏറ്റെടുക്കാനുള്ളതെന്ന് കളക്ഷൻ കേന്ദ്രം സന്ദർശിക്കവേ മന്ത്രി പി. രാജീവ് പറഞ്ഞു.