കൊച്ചി: ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇടത്, വലത് മുന്നണികൾ സീറ്റുകൾ നിലനിറുത്തി. രണ്ടിടത്ത് യു.ഡി.എഫും ഒരു വാർഡിൽ എൽ.ഡി.എഫും വിജയിച്ചു. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ (കൊടികുത്തുമല) യു.ഡി.എഫ് സ്ഥാനാർത്ഥി ഷെമീർ ലാല 123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഷെമീർ ലാലക്ക് 638 വോട്ടും എൽ.ഡി.എഫിലെ ടി.എ. ജലീലിന് 515 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി എൻ.ബി. വിനൂപിന് 25 വോട്ടും ലഭിച്ചു.
വാർഡ് അംഗമായിരുന്ന കോൺഗ്രസിലെ സി.പി. നൗഷാദ് മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
പറവൂർ ചിറ്റാറ്റുകര പഞ്ചായത്ത് എട്ടാം വാർഡിൽ തോപ്പ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. വാശിയേറിയ മത്സരത്തിൽ സി.പി.എമ്മിലെ രതി ബാബു 18 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ കെ.സി. സലിയെ പരാജയപ്പെടുത്തി. രതി ബാബുവിന് 491 വോട്ട് ലഭിച്ചു. എൽ.ഡി.എഫ്. അംഗം എ.എ. പവിത്രന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ്. 13, യു.ഡി.എഫ് - നാല് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
വാഴക്കുളം പഞ്ചായത്ത് മുടിക്കൽ എട്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷുക്കൂർ പാലത്തിങ്കൽ വിജയിച്ചു. 105 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അബു സലാഹിനെ പരാജയപ്പെടുത്തിയത്. 20 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 11 സീറ്റും എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. യു.ഡി.എഫ് അംഗമായിരുന്ന ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ സി.പി. സുബൈറുദ്ദീന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികൾ വിജയാഘോഷങ്ങൾ ഒഴിവാക്കി.