പെരുമ്പാവൂർ: ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കിടകവാവ് ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച പുലർച്ചെ മൂന്ന് മുതൽ ബലിതർപ്പണം തുടങ്ങി ഞായറാഴ്ച ഉച്ചവരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ബലിതർപ്പണത്തിനും ദർശനത്തിനും അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രക്കടവിൽ ബലിതർപ്പണങ്ങൾക്കായി അനേകം പുരോഹിതന്മാരെ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങൾക്കായി പെരുമ്പാവൂർ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. യാത്രാസൗകര്യത്തിനായി പെരുമ്പാവൂർ, അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് സ്‌പെഷ്യൽ സർവീസ് നടത്തും. സുരക്ഷയുടെ ഭാഗമായി കേരള ഫയർ ഫോഴ്‌സ് പെരുമ്പാവൂർ യൂണിറ്റ് സ്‌കൂബാ ടീം ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സേവനവും രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൗകര്യങ്ങളും ഗോകുലം കല്യാണമണ്ഡപത്തിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് സൗജന്യമായി ക്ഷേത്രം ട്രസ്റ്റിന്റെ വക പ്രഭാത ഭക്ഷണവും ഉച്ചക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ദേവസ്വം ട്രസ്റ്റ് 6 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.