മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് ഒന്നാംവാർഡിൽ ക്ഷീരകർഷകൻ കായനാട് എരണ്ടോളിൽ (മണ്ണാറത്തറ) ബിനുവിന്റെ കറവപ്പശു ചത്തു. ഇന്നലെ രാവിലെ പാൽ കറക്കുവാൻ എത്തിയപ്പോളാണ് തൊഴുത്തിൽ ചത്തനിലയിൽ കണ്ടത്. രാത്രിയിൽ പശുവിന് പ്രശ്നമുണ്ടായിരുന്നില്ലെന്ന് പറയുന്നു. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശുവിന് കുഴപ്പമില്ല. ഡോ. ഷീന ജോസഫിന്റെ നേതൃത്വത്തിന് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. പശുവിന്റെ രക്തസാമ്പിളും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും പരിശോധന നടത്തുന്നതിന് മണ്ണുത്തി വെറ്ററിനറി കോളേജിലേയ്ക്ക് അയയ്ക്കും. പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാനാകൂ.

കായനാട് മുണ്ടിയത്തിൽ ബൈജുവിന്റെ രണ്ട് പശുക്കളേയും ഒരു കിടാവിനേയും കഴിഞ്ഞദിവസം തൊഴുത്തിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ബിനുവിന്റേയും ബൈജുവിന്റേയും വീടുകൾ തമ്മിൽ ഒന്നരകിലോമീറ്റർ ദൂരമുണ്ട്. തുടർച്ചയായി പ്രദേശത്ത് പശുക്കൾ ചാകുന്നതിൽ ക്ഷീരകർഷകർ ആശങ്കയിലാണ്.