നവീകരണത്തിനുള്ള കോടികൾ പ്രഖ്യാപനങ്ങളിൽ മാത്രം
തൊടുപുഴ: തോട്ടം മേഖലകളിലെ ഒട്ടുമിക്ക ലയങ്ങളിലെ ജീവിതവും ഭീതിയിലാണ്. മഴ കനത്ത് കാറ്റ് വീശിത്തുടങ്ങുന്നതോടെ കുട്ടികളെയുമായി ഭയന്ന് വിറച്ചാണ് ഓരോ കുടുംബങ്ങളും ദിവസങ്ങൾ തള്ളി നീക്കുന്നത്. ലയങ്ങൾ നവീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനങ്ങളും അധികൃതരുടെ ഉറപ്പുമൊന്നും ലയങ്ങളിലെ തൊഴിലാളികളുടെ ജീവിതത്തിന് ആശ്വാസമായിട്ടില്ല. തേയില, ഏല തോട്ടങ്ങളിൽ പണി ചെയ്യുന്ന തൊഴിലാളികൾ ഇപ്പോഴും വാസയോഗ്യമല്ലാത്ത ലയങ്ങളിലാണ് താമസിക്കുന്നത്. പല ലയങ്ങളും ഇടിഞ്ഞു പൊളിഞ്ഞു. പല തോട്ടങ്ങളിലെയും ലയങ്ങൾ 60 വർഷത്തിലധികം കാലപ്പഴക്കം ഉള്ളവയാണ്. ചോർന്ന് ഒലിക്കുന്നതും പൊട്ടിപൊളിഞ്ഞതുമാണ്. ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലുള്ളവരുടെ ജിവിതമാണ് അതിദയനീയം. ഇടിഞ്ഞു വീഴാറായ ലയങ്ങൾക്കുള്ളിൽ ജീവനും മരണത്തിനുമിടയിൽ കഴിയുന്നത് നൂറ് കണക്കിന് കുടുംബങ്ങളാണ്. ഉടമകളുപേക്ഷിച്ച ഇരുന്നൂറിലധികം ലയങ്ങളുണ്ട്. ഇവിടങ്ങളിലെ ജീവിതം നരക തുല്യമാണ്. ഒരു ലയത്തിൽ ചുരുങ്ങിയത് നാല് കുടുംബങ്ങളെങ്കിലും ഉണ്ടാകും. അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രമാണ് ഇവിടങ്ങളിൽ. ഫാക്ടറികളും അനുബന്ധ കെട്ടിടങ്ങളും കാട് കയറി നശിച്ചു. മിക്കവർക്കും തൊഴിലില്ലാതാകുകയും ആനുകൂല്യങ്ങൾ മുടങ്ങുകയും ചെയ്തു.
പ്രഖ്യാപനത്തിൽ
ഒതുങ്ങിയ പത്തുകോടി
ലയങ്ങളുടെ നവീകരണത്തിന് കഴിഞ്ഞ മൂന്ന് ബഡ്ജറ്റുകളിലായി പത്ത് കോടി സർക്കാർ വകയിരുത്തിയെങ്കിലും ഒരനക്കവും ഉണ്ടായിട്ടില്ല. 2020ലെ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ലയങ്ങൾ അടിയന്തിരമായി നവീകരിക്കണമെന്ന നിർദ്ദേശം തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടവും സർക്കാരിന് മുന്നിൽ വയ്ക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ, തുടർനടപടികൾ എങ്ങുമെത്തിയില്ല. തോട്ടം മാനേജ്‌മെന്റുകൾ നഷ്ടത്തിന്റെ കണക്കുകൾ നിരത്തി ഒഴിഞ്ഞ് മാറുമ്പോൾ സർക്കാരും വിഷയത്തിൽ കണ്ണടയ്ക്കുന്നത് ലയങ്ങളിലെ തൊഴിലാളികളുടെ ജീവിതത്തെ ദുരിതമാക്കുകയാണ്. ലയങ്ങളുടെ നവീകരണം ലേബർ വകുപ്പിനാണോ പ്ലാന്റേഷൻ വകുപ്പിനാണോ എന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. ഒടുവിൽ പ്ലാന്റേഷൻ വകുപ്പിനാണ് ഇപ്പോൾ ചുമതല നൽകിയിരിക്കുന്നത്. അതും എങ്ങനെ ചെയ്യണമെന്നതടക്കമുള്ള ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
പരിശോധനയിൽ
തെളിഞ്ഞത്...
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്‌പെകടർമാരുടെ മേൽനോട്ടത്തിൽ തോട്ടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 25 പരിശോധനകളിലായി 54 നിയമലംഘനങ്ങളാണ് ഇടുക്കിയിൽ കണ്ടെത്തിയത്. ലയങ്ങളുടെ ശോച്യാവസ്ഥ, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴിൽ നിയമലംഘനങ്ങൾ എന്നിവയാണ് പരിശോധകളിൽ കണ്ടെത്തിയത്.