 ജൂൺ മാസം പനി ബാധിച്ചത് 7080 പേർക്ക്

തൊടുപുഴ: ജില്ലയിൽ മഴയ്‌ക്കൊപ്പം പനിയും വ്യാപകമായി പടരുന്നു. കഴിഞ്ഞ മാസം 7080 പേരാണ് പകർച്ച പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒരാൾ മരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ 1822 പേർക്ക് പനി ബാധിച്ചു. 34 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. 58 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും ചികിത്സയിലുണ്ട്. കഴിഞ്ഞ മാസം 110 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞയാഴ്ച അഞ്ച് പേർക്കാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ചത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ രണ്ട് പേർ ചികിത്സയിലുണ്ട്. അതിസാരം ബാധിച്ച് 294 പേരാണ് ചികിത്സ തേടിയത്.​ എലിപ്പനി ബാധിച്ച് രണ്ട് പേരും രോഗലക്ഷണങ്ങളോടെ രണ്ട് പേരും ചികിത്സയിലുണ്ട്. 12 പേർക്ക് ചിക്കൻപോക്സും രണ്ട് പേർക്ക് എച്ച്1എൻ1 രോഗവും കണ്ടെത്തി. കുറച്ച് ദിവസങ്ങളായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ആശങ്കയായി മലമ്പനി

ജില്ലയിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മലമ്പനി രോഗികളുടെ എണ്ണവും വർദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ മാസം തൊടുപുഴയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി മലമ്പനി ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച് ഈ വർഷം മരിക്കുന്ന മൂന്നാമത്തെയാളാണിത്. കഴിഞ്ഞ മാസം 18 പേർക്കും കഴിഞ്ഞയാഴ്ച മൂന്ന് പേർക്കുമാണ് ജില്ലയിൽ രോഗം ബാധിച്ചത്. മലയാളികൾക്ക് ഇതുവരെ രോഗം ബാധിച്ചിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അന്യസംസ്ഥാനത്ത് നിന്നെത്തുന്നവരിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

'രോഗലക്ഷണങ്ങളുള്ളവരോട് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

ഡി.എം.ഒ

ഡോ. എൽ. മനോജ്

=അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് മലമ്പനി പരത്തുന്നത്.