തൊടുപുഴ: പരിക്കേറ്റും മറ്റും തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളും പൂച്ചകളുമടക്കമുള്ള മിണ്ടാപ്രാണികൾക്ക് ഒന്നര പതിറ്റാണ്ടായി താങ്ങും തണലുമാണ് തൊടുപുഴ സ്വദേശികളായ ഈ രണ്ട് ചങ്ങാതിമാർ. വീട്ടമ്മയായ കാഞ്ഞിരമറ്റം സ്വദേശി മധുരകുന്നേൽ മഞ്ജു ഓമനയും (42) ഡ്രൈവറായ കാപ്പിത്തോട്ടം സ്വദേശി മണത്താംകുന്നേൽ കീർത്തീദാസും (36) ഇതുവരെ പുതുജീവിതം നൽകിയത് ആയിരത്തിലധികം നായ്ക്കൾക്കും നൂറിലേറെ പൂച്ചകൾക്കുമാണ്. ആസ്തമ രോഗിയായ മഞ്ജുവിന്റെ ജീവിതം മാറ്രി മറിച്ചത് ഈരാറ്റുപേട്ടയിലെ ഒരു ആശുപത്രിയിൽ പോയി തിരികെ വരുമ്പോൾ കണ്ട കാഴ്ചയായിരുന്നു. റോഡരികിൽ രണ്ടോ മൂന്നോ വയസുള്ള ഒരു നായ്ക്കുട്ടി പരിക്കേറ്റ് കിടന്നു കരയുന്നു. നിരവധി പേർ അതുവഴി കടന്നുപോയെങ്കിലും ആരും ആ നായ്ക്കുട്ടിയെ തിരിഞ്ഞുനോക്കിയില്ല. തന്റെ അസുഖമെല്ലാം മറന്ന് ഓടിയെത്തി മഞ്ജു ആ പട്ടിക്കുട്ടിയെ നെഞ്ചോട് ചേർത്തു. ബസിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നു. മുറിവുകളിൽ മരുന്ന് വച്ചു, പരിചരിച്ചു, നല്ല ഭക്ഷണം നൽകി. എല്ലാ പിന്തുണയുമായി സുഹൃത്ത് കീർത്തിദാസും കൂടെ നിന്നു. അത് തുടക്കം മാത്രമായിരുന്നു. പിന്നീട് വണ്ടിയിടിച്ചും അസുഖം ബാധിച്ചും മറ്റും നൂറുകണക്കിന് തെരുവ് നായ്ക്കളെയാണ് ഇരുവരും ചേർന്ന് രക്ഷിച്ചത്. നായ്ക്കൾ മാത്രമല്ല, പൂച്ചയും മുയലും ആടും പശുവുമെല്ലാം ഇവരുടെ സ്നേഹമറിഞ്ഞു. ആദ്യമൊക്കെ മകളും ആശാരിപ്പണിക്കാരനായ ഭർത്താവുമടങ്ങുന്ന കുടുംബം എതിർത്തെങ്കിലും മഞ്ജുവിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അവരും വഴങ്ങി. ഇപ്പോൾ മഞ്ജുവിന്റെ വീടിന്റെ കവാടം കടന്ന് പ്രവേശിക്കുന്നവർക്ക് നിരവധി കൂടുകളിലായി വ്യത്യസ്ത കഥകൾ പറയുന്ന അനേകം നായ്ക്കളെ കാണാം. കാലില്ലാത്തവ, തളർന്ന് പോയവ, കണ്ണില്ലാത്തവ, തലയ്ക്ക് പരിക്കേറ്റവ അങ്ങനെ പലവിധത്തിലുള്ള മിണ്ടാപ്രാണികൾ. ഇക്കൂട്ടത്തിൽ നാടൻ മാത്രമല്ല ജെർമൻ ഷെപ്പേഡ്, ലാബ്രഡോർ, ഗോൾഡൻ റിട്ടീവർ, വീഗിൾ തുടങ്ങിയ മുന്തിയ ഇനം നായ്ക്കളുമുണ്ട്. അസുഖബാധിതയായതിനാൽ മഞ്ജുവിനെ സഹായിക്കാൻ കീർത്തീദാസും എന്നും വീട്ടിലെത്തും. എവിടെയെങ്കിലും നായ്ക്കളെ രക്ഷിക്കാൻ പോകുന്നതും ഇരുവരും ഒരുമിച്ചാണ്. ഇടുക്കി ജില്ലയിൽ മാത്രമല്ല അങ്ങ് പാലക്കാട് വരെ ഇവരുടെ കൈത്താങ്ങെത്തി. രോഗം ബാധിച്ച് രോമം പൊഴിഞ്ഞ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയൊണ് ഇവർ പാലക്കാടെത്തി രക്ഷിച്ചത്. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയായി 2022- 23 ലെ ഏറ്റവും മികച്ച മൃഗസംരക്ഷകർക്കുള്ള ജില്ലാതല അവാർഡും മഞ്ജുവിനും കീർത്തീദാസിനും ലഭിച്ചു.
ഭാരിച്ച ചെലവ്,
സഹായം വാട്ട്സ്ആപ്പ് കൂട്ടായ്മ
61 നായ്ക്കളുണ്ട് ഇപ്പോൾ മഞ്ജുവിന്റെ വീട്ടിൽ. പത്തെണ്ണം കീർത്തിദാസിന്റെ വീട്ടിലുമുണ്ട്. ഇവയ്‌ക്കെല്ലാം മരുന്നിനും ഭക്ഷണത്തിനുമുള്ള ചെലവ് താങ്ങാവുന്നതിലും അധികമാണ്. ഏകദേശം പത്ത് കിലോയോളം അരി മാത്രം ദിവസവും വേണം. ഡോഗ് ഫുഡിനും മരുന്നിനും മറ്റുമുള്ള ചെലവ് വേറെ. സാധാരണക്കാരായ മഞ്ജുവിനും കീർത്തീദാസിനും ഈ ചെലവുകൾ താങ്ങാവുന്നതല്ല. മൃഗസ്നേഹികളുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ് ഇരുവർക്കും സാമ്പത്തിക സഹായമടക്കമുള്ള എല്ലാ പിന്തുണയും നൽകുന്നത്. അനിമോ, സേവ് ദി അനിമൽസ് ഇടുക്കി എന്നീ ഗ്രൂപ്പുകളാണ് കട്ട സപ്പോർട്ടുമായി കൂടെയുള്ളത്. നായ്ക്കളെ രക്ഷിക്കാൻ പോകുമ്പോഴുള്ള യാത്രാചെലവും ചികിത്സാ ചെലവുകളുമെല്ലാം ഗ്രൂപ്പ് അംഗങ്ങളാണ് നൽകുന്നത്. അനിമോ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന കൊല്ലം സ്വദേശിയായ ഷേർളിയും നല്ല പിന്തുണയാണ് നൽകുന്നത്. ഇതുകൂടാതെ ഇവരുടെ സത്പ്രവർത്തിയറിഞ്ഞ് മൃഗസ്‌നേഹികൾ ഭക്ഷണവും മറ്റും എത്തിച്ച് നൽകാറുണ്ട്.