water
കാഞ്ഞിരമറ്റം- മുതലിയാർമഠം റോഡിലുണ്ടായ വെള്ളക്കെട്ട്

തൊടുപുഴ: നഗരസഭയിലെ 21, 23 വാർഡുകൾ അതിർത്തി പങ്കിടുന്ന കാഞ്ഞിരമറ്റം മുതലിയാർമഠം റോഡിൽ വെള്ളക്കെട്ട് രൂക്ഷം. ഇതുമൂലം വിദ്യാർത്ഥികളടക്കം കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ബുദ്ധിമുട്ടിലായി. ബന്ധപ്പെട്ട അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഫലമില്ലെന്ന് നാട്ടുകാർ പറഞ്ഞു. ശക്തമായി മഴ പെയ്യുന്ന ദിവസങ്ങളിൽ ഇവിടെ മുട്ടോളം ഉയരത്തിൽ വെള്ളം കെട്ടുന്ന അവസ്ഥയാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകൾക്ക് ഉയരം കൂടിയ മതിലാണ്. അതിനാൽ റോഡിലെ വെള്ളത്തിൽ ചവിട്ടാതെ മുന്നോട്ട് പോകാനുമാകില്ല. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നിരവധി ഘട്ടറുകളുമുണ്ട്. കാർ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ എൻജിൻ വെള്ളത്തിൽ മുങ്ങും. വെള്ളക്കെട്ടിന്റെ ആഴം അറിയാതെ ഇതുവഴിയെത്തുന്ന വാഹനങ്ങൾ ഓഫായി പോകുന്നതും അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണന്നും യാത്രക്കാർ പറഞ്ഞു. വിദ്യാർത്ഥികളും സ്ത്രീകളുമായി നിരവധി കാൽനട യാത്രക്കാരും തൊടുപുഴ നഗരത്തിലേക്കെത്താൻ ഈ വഴിയാണ് ഉപയോഗിക്കുന്നത്. തൊടുപുഴ നഗരത്തിലെ വിവിധ സ്‌കൂൾ ബസുകൾ, പ്രദേശവാസികളുടേതും അല്ലാത്തതുമായവയുമടക്കം 100 കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. വർഷങ്ങളായി ഈ റോഡിലൂടെ സഞ്ചരിക്കുന്നവർ നേരിടുന്ന യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.