കട്ടപ്പന: ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതിയും കൊല്ലപ്പെട്ട കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയൻ ഭാര്യയുമായ സുമ (57) കട്ടപ്പന ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മൊഴി നൽകി. വിജയനെ കൊലപ്പെടുത്തിയ കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന അപേക്ഷയിലാണ് മജിസ്‌ട്രേറ്റ് അർച്ചന ജോൺ ബ്രിട്ടോ മുമ്പാകെ തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തിയത്. രണ്ടാംപ്രതി കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണു വിജയനും(27) മാപ്പുസാക്ഷിയാക്കണമെന്ന് അപേക്ഷയിൽ കഴിഞ്ഞമാസം കട്ടപ്പന കോടതിയിൽ മൊഴി നൽകിയിരുന്നു.
കേസിലെ രണ്ടും മൂന്നും പ്രതികളുടെ മൊഴികൾ മുഖ്യപ്രതിയും കൊലപാതകങ്ങളുടെ സൂത്രധാരനുമായ കട്ടപ്പന പുത്തൻപുരയ്ക്കൽ പി ആർ നിതീഷി(രാജേഷ്-31) നെതിരെ നിർണായകമാകും. ഇരട്ടക്കൊലപാതകത്തിനുപുറമേ ലൈംഗീക പീഡനം, മോഷണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.