കൈക്കൂലിക്കേസ് പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കി
കൈക്കൂലിക്കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം
യു. ഡി. എഫ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധപരമ്പര നടത്തിയിരുന്നു
തൊടുപുഴ: തൊടുപുഴ നഗരസഭയിൽ ഭരണസ്തംഭനത്തിന് വഴിതെളിച്ച വിജലൻസ് കേസിന്റെ തുടർച്ചയായി ചെയർമാൻ സ്ഥാനം ഒഴിയാൻ ചെയർമാനോട് സി. പി. എം നേതൃത്വം. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ നഗരസഭ ചെയർമാൻ പ്രതിയായ സംഭവം പാർട്ടിയ്ക്കും മുന്നണിയ്ക്കും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് രാജി വയ്ക്കാൻ പാർട്ടി നിർദേശിച്ചത്. ഇന്നലെ ചേർന്ന സിപിഎം മുനിസിപ്പൽ പാർലമെന്ററി പാർട്ടി യോഗത്തിൽ സനീഷ് ജോർജ് രാജി സന്നദ്ധത അറിയിച്ചു. ഇന്നു രാവിലെ നഗരസഭ സെക്രട്ടറിയ്ക്ക് രാജിക്കത്ത് കൈ മാറുമെന്നാണ് വിവരം. അന്വേഷണ വിധേയമായി സ്ഥാനത്തു നിന്നു മാറി നിൽക്കാനാണ് പാർട്ടി നിർദേശം നൽകിയത്. ഇതിനിടെ കൈക്കൂലിക്കേസിൽ പിടിയിലായ തൊടുപുഴ നഗരസഭ അസി.എൻജനിയർ സി.ടി.അജി, ഇടനിലക്കാരൻ റോഷൻ സർഗം എന്നിവരുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ഇരുവരും മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
കൈക്കൂലിക്കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിജിലൻസ് ചെയർമാന് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നഗരസഭയിലെ കുമ്മംകല്ല് ബിടിഎം എൽപി സ്‌കൂളിന്റെ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നഗരസഭ അസി.എൻജനിയർ സി.ടി.അജി, ഇടനിലക്കാരൻ റോഷൻ സർഗം എന്നിവരെ ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത്. സംഭവത്തിൽ അസി.എൻജനിയർക്ക് കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ചെയർമാനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. ഇതിന്റെ ഫോൺ സന്ദേശം സഹിതം പരാതി ലഭിച്ചതോടെയാണ് വിജിലൻസ് ചെയർമാനെ പ്രതിയാക്കിയത്.
വിജയിച്ചത് വിമതനായി
നഗരസഭ 12ാം വാർഡിൽ നിന്നും കോൺഗ്രസ് വിമതനായാണ് സനീഷ് ജോർജ് വിജയിച്ചത്. പിന്നീട് സനീഷ് ജോർജിനെയും ഒൻപതാം വാർഡിൽ നിന്നും മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് എൽ.ഡി.എഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു.