തൊടുപുഴ: കൈക്കൂലി കേസിൽ വിജിലൻസ് രണ്ടാം പ്രതിയാക്കിയ തൊടുപുഴ നഗരസഭ ചെയർമാൻ രാജിവയ്ക്കാൻ സി.പി.എം നേതൃത്വമെടുത്ത തീരുമാനത്തിന് പുല്ലുവില കൽപ്പിക്കാതെ നഗരസഭാ സെക്രട്ടറിക്ക് ലീവ് കൊടുത്ത് മുങ്ങിയതിനു പിന്നിൽ അഴിമതിയെ സംരക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് യു.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇത് സി.പി.എമ്മിന്റെ നാടകമാണെന്ന് ജനങ്ങൾ തിരിച്ചറിയും. സി.പി.എമ്മിൽ ഒരു വിഭാഗം ചെയർമാനെ എതിർക്കുമ്പോൾ മറു വിഭാഗം ചെയർമാനെ സംരക്ഷിക്കുന്നു എന്നതിന്റെ തെളിവാണിത്. എൽ.ഡി.എഫ് കൗൺസിലർമാർക്ക് അന്തസുണ്ടെങ്കിൽ സി.പി.എം നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുക്കണമെന്നും യു.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം.എ. കരീം, കൺവീനർ കെ.ജി. സജിമോൻ, സെക്രട്ടറി ഫിലിപ്പ് ചേരിയിൽ എന്നിവർ ആവശ്യപ്പെട്ടു. ചെയർമാൻ രാജിവയ്ക്കും വരെ യു.ഡി.എഫ് തുടർ സമരം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.