തൊടുപുഴ: തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കരിമണ്ണൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും ക നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാ മോൾ ഷാജി ഉദ്ഘാടനം ചെയ്തു. കർഷകർ ഉൽപ്പാദിപ്പിച്ച ഏത്ത വാഴക്കുല, വാഴച്ചുണ്ട്, കൂവ, അടതാപ്പ് എന്നിവയും കൃഷിഭവൻ പ്ലാൻ ഹെൽത്ത് ക്ലിനിക്കിൽ നിന്ന് ലഭ്യമാകുന്ന വിവിധ കീട, രോഗ പ്രതിരോധങ്ങൾക്കുള്ള ഉത്പ്പന്നങ്ങളും പ്രദർശിപ്പിച്ചു. കൃഷിഭവനിൽ നിന്നും കുരുമുളക് തൈകൾ, തെങ്ങിൻ തൈകൾ, വെണ്ട, വഴുതന, തക്കാളി, മുളക്, സാലഡ് വെള്ളരി എന്നിവയുടെ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കൃഷി ഓഫീസർ സ്വാഗതവും പദ്ധതി വിശദീകരണവും അസിസ്റ്റന്റ് കൃഷി ഓഫീസർ ബിനോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.