പീരുമേട്: രാത്രിയിൽ വഴിയിൽ കേടായി കിടന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ ഇതുവഴി വന്ന സ്വകാര്യ ബസ് ഡ്രൈവർ കയറ്റാതെ പോയെന്ന് പരാതി. ഞായറാഴ്ച വൈകിട്ട് 6.05നായിരുന്നു സംഭവം. കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് കെ. ചപ്പാത്തിലെത്തിയപ്പോൾ തകരാറിലായി. തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങി. കെ.എസ്.ആർ.ടി.സി മറ്റൊരു ബസ് കട്ടപ്പനയിൽ നിന്ന് അയക്കുമെന്നും ഇതു എത്തിയ ശേഷം മാത്രമേ യാത്ര തുടരനാകൂ എന്നും ജീവനക്കാർ അറിയിച്ചതോടെ ദീർഘദൂര യാത്രക്കാർ ഒഴികെയുള്ളവർ ബസിൽ നിന്ന് ഇറങ്ങി റോഡിൽ നിന്നു. രാത്രി ഏഴ് കഴിഞ്ഞതോടെ കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ ബസുകൾ കുറവാണ്. ഈ സമയം നെടുങ്കണ്ടം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് എത്തി. യാത്രക്കാർ കൈ കാണിച്ചെങ്കിലും ബസ് നിർത്താൻ ഡ്രൈവർ തയ്യാറായില്ല. കട്ടപ്പന ഏലപ്പാറ കുട്ടിക്കാനം മലയോര ഹൈവേയിലെ അവസാനത്തെ സ്വകാര്യ ബസ് നിർത്താതെ പോയത് യാത്രക്കാരെ ശരിക്കും പെരുവഴിയിലാക്കി. കോട്ടയത്ത് നിന്ന് മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ ചപ്പാത്തിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ചു കുട്ടിക്കാനത്ത് എത്തിയ ശേഷം ഇവിടെ നിന്നാണ് യാത്ര തുടർന്നത്. സംഭവത്തിൽ യാത്രക്കാർ വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒയ്ക്ക് പരാതി നൽകി.