കട്ടപ്പന :കാഞ്ചിയാർ കക്കാട്ടുകടയിൽ ആറിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായ സംഭവത്തിൽ, അടിയന്തര നടപടി എന്ന വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ ഉറപ്പ് പാഴായി. വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് കക്കാട്ടുകട സ്വദേശി ജേമോനും കുടുംബവും വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. എന്നാൽ സമരം പിൻവലിക്കാൻ അധികൃതർ നൽകിയ വാഗ്ദാനങ്ങൾ നടപടികളിലേക്ക് എത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ശനിയാഴ്ചയാണ് കാഞ്ചിയാർ കക്കാട്ടുകട സ്വദേശി മാണിക്കത്തിനാൽ ജേമോനും കുടുംബവും കാഞ്ചിയാർ വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തിയത്. ശക്തമായ മഴയിൽ ആറിന്റെ ഭിത്തി ഇടിഞ്ഞ് ഭീമൻ അള്ള് രൂപപ്പെട്ടതോടെ വീട് അപകടാവസ്ഥയിലാവുകയായിരുന്നു. വീടിന്റെ അപകടാവസ്ഥ അധികൃതർക്ക് മുമ്പാകെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരികാതെ വന്നതോടെയാണ് ജേമോനും ഭാര്യയും കുട്ടികളും പ്രായമായ അമ്മയും വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. രാവിലെ ആരംഭിച്ച സമരം വൈകുന്നേരത്തോടെയാണ് പിൻവലിച്ചത്. അപകടാവസ്ഥ അടിയന്തര പ്രാധാന്യത്തോടെ കണ്ട് രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന്, വില്ലേജ് അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും ഉറപ്പിന്മേലായിരുന്നു അന്ന് പ്രതിഷേധം പിൻവലിച്ചത്. എന്നാൽ ഉറുപ്പുനൽകിയിട്ട് നാല് ദിവസം പിന്നിടുമ്പോഴും അപകടാവസ്ഥയ്ക്ക് യാതൊരുവിധ പരിഹാരവും കണ്ടിട്ടില്ല. അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തപക്ഷം വീണ്ടും വില്ലേജ് ഓഫീസ് പടിക്കൽ പ്രതിഷേധവുമായി പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നിലവിൽ ഒരു ശക്തമായ മഴ കൂടി പെയ്താൽ വലിയൊരു ദുരന്തം തന്നെയാവും ഇവിടെയുണ്ടാവുക.