 പെരുമാറ്റച്ചട്ടം നിലവിൽ വന്നു

ഇടുക്കി: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവു വന്നിട്ടുള്ള വാർഡുകളിൽ 30ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. തൊടുപുഴ നഗരസഭയിലെ പെട്ടേനാട് വാർഡിലും വാത്തിക്കുടി, ഉടുമ്പൻചോല, അറക്കുളം ഗ്രാമപഞ്ചായത്തുകളിലും മാതൃകാ പെരുമാറ്റചട്ടം ബാധകമാണ്. ഒന്നിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർ പട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. നാളെ മുതൽ 11 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 12ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 15 ആണ്. 30 രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 31ന് രാവിലെ 10ന് നടക്കും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് രണ്ടായിരം രൂപയും ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് നാലായിരം രൂപയും നഗരസഭാ വാർഡുകളിൽ മത്സരിക്കുന്നതിന് നാലായിരം രൂപയുമാണ് സ്ഥാനാർത്ഥികൾ നിക്ഷേപത്തുകയായി കെട്ടിവയ്ക്കേണ്ടത്. എന്നാൽ പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോപെട്ട സ്ഥാനാർത്ഥികൾക്ക് കെട്ടിവയ്ക്കേണ്ട തുക നിശ്ചയിച്ചിട്ടുള്ള തുകയുടെ അമ്പത് ശതമാനമായിരിക്കും. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും 75,000 രൂപയും ഗ്രാമപഞ്ചായത്തിൽ 25,000 രൂപയുമാണ്. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ലഭ്യമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് ഇവിടങ്ങളിൽ

തൊടുപുഴ നഗരസഭയിലെ പെട്ടേനാട് വാർഡ് (09),​​ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ പാറത്തോട് (08)​, അറക്കുളം ഗ്രാമപഞ്ചായത്തിലെ ജലന്ധർ(06)​, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടിയി (06) എന്നിവിടങ്ങളിലാണ്​ ഉപതിരഞ്ഞെടുപ്പ് നടക്കുക.