maalinyam
മലയോര ഹൈവേയിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യം

പീരുമേട്: ഏലപ്പാറ പഞ്ചായത്ത് പരിധിയിൽ കട്ടപ്പന- കുട്ടിക്കാനം മലയോര ഹൈവേയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഏലപ്പാറ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യം വ്യാപകമായി വലിച്ചെറിയുന്നവരെയും കൊണ്ടിടുന്നവരെയും പിടികൂടാൻ ക്യാമറ സ്ഥാപിക്കാനാണ് ഏലപ്പാറ പഞ്ചായത്തിന്റെ നീക്കം. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യ നിക്ഷേപം വ്യാപകമാണ്. മലയോര ഹൈവേയുടെ വശങ്ങളിലാണ് മാലിന്യങ്ങൾ കൂടുതലും നിക്ഷേപിക്കുന്നത്. മൂന്നാം മൈൽ മുതൽ മേമല വരെയുള്ള ഭാഗങ്ങളിലാണ് റോഡിന്റെ വശങ്ങളിൽ വ്യാപകമായി മാലിന്യം കൊണ്ടിടുന്നത്. രാത്രിയിലും വാഹനങ്ങളിൽ മാലിന്യം കൊണ്ടിടുന്നത്. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർക്ക് കഴിയുന്നില്ല. ഇതിനാലാണ് മാലിന്യ നിക്ഷേപം വ്യാപകമായുള്ള മേഖലകൾ കേന്ദ്രീകരിച്ച് ക്യാമറ സ്ഥാപിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നത്. തുടർന്നുള്ള വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്.