തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജിനിയറും കോൺട്രാക്ടറായ ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതി ചേർക്കപ്പെട്ട ചെയർമാൻ സനീഷ് ജോജ്ജ് സി.പി.എം നിർദ്ദേശം ധിക്കരിച്ച് രാജി വയ്ക്കാതെ അവധിയിൽ പോയി. ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ സനീഷ് ജോർജിനോട് സി.പി.എം നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച ചേർന്ന സി.പി.എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി യോഗത്തിൽ സനീഷ് ജോർജ് രാജി സന്നദ്ധത അറിയിച്ചതായും പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ രാവിലെ നഗരസഭാ സെക്രട്ടറിയ്ക്ക് രാജിക്കത്ത് കൈമാറുമെന്നായിരുന്നു വിവരം. എന്നാൽ രാജിയ്ക്ക് പകരം ചെയർമാൻ 13 വരെ അവധിയിൽ പ്രവേശിച്ചു. താത്കാലിക ചുമതല വൈസ് ചെയർപേഴ്‌സന് കൈമാറി ചെയർമാൻ സെക്രട്ടറിക്ക് കത്തും നൽകിയിട്ടുണ്ട്. കൈക്കൂലിക്കേസിൽ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ചെയർമാൻ ഹാജരായിട്ടില്ല. ശാരീരിക അവശതകളുള്ളതിനാൽ ഹാജരാകില്ലെന്നും ഒരാഴ്ച സമയം അനുവദിക്കണമെന്നും അഭിഭാഷകൻ മുഖേന അറിയിച്ചിട്ടുണ്ട്. ഇതിനിടെ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധമുണ്ടായി. അഴിമതിക്കേസിൽ രാജിക്ക് പകരം അവധിയെടുത്ത് മുങ്ങാൻ മുനിസിപ്പൽ ചെയർമാന് ഇടതു മുന്നണി സംരക്ഷണം നൽകുകയാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കൈക്കൂലിക്കേസിൽ പിടിയിലായ തൊടുപുഴ നഗരസഭ അസി.എൻജനിയർ സി.ടി. അജി, ഇടനിലക്കാരൻ റോഷൻ സർഗം എന്നിവരുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. ഇരുവരും മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. നഗരസഭയിലെ കുമ്പംകല്ല് ബി.ടി.എം എൽ.പി സ്‌കൂളിന്റെ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നഗരസഭ അസി.എൻജനിയർ സി.ടി.അജി, ഇടനിലക്കാരൻ റോഷൻ സർഗം എന്നിവരെ ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത്. സംഭവത്തിൽ അസി. എൻജനിയർക്ക് കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ചെയർമാനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. ഇതിന്റെ ഫോൺ സന്ദേശം സഹിതം പരാതി ലഭിച്ചതോടെയാണ് വിജിലൻസ് ചെയർമാനെ പ്രതിയാക്കിയത്. നഗരസഭ 12-ാം വാർഡിൽ നിന്നും കോൺഗ്രസ് വിമതനായാണ് സനീഷ് ജോർജ് വിജയിച്ചത്. പിന്നീട് സനീഷ് ജോർജിനെയും ഒമ്പതാം വാർഡിൽ നിന്നും മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് എൽ.ഡി.എഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ചെയർമാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പി.യും രംഗത്തുണ്ട്.

ചെയർമാൻ വീണ്ടും പരിധിക്ക് പുറത്ത്

രാജി വാർത്തയ്ക്കിടെ അവധിയിൽ പോയ ചെയർമാൻ സനീഷ് ജോർജ്ജിന്റെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി. ചെയർമാൻ എവിടെയാണെന്ന് ഇടതു നേതാക്കൾക്കും പിടിയില്ല. ജൂൺ 25ന് വൈകിട്ട് കൈക്കൂലിക്കേസിൽ പ്രതിയായെന്ന് അറിഞ്ഞതു മുതൽ ചെയർമാന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു.

പിറ്റേന്ന് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ നഗരത്തിലെ സംഘർഷാവസ്ഥ കലുഷിതമായപ്പോഴും നഗരസഭാ കൗൺസിൽ നടക്കുമ്പോഴും ചെയർമാന്റെ വിവരം ലഭിച്ചില്ല. ഒടുവിൽ അന്ന് വൈകിട്ട് മാധ്യമപ്രവർത്തകരോട് അദ്ദേഹം മൊബൈൽ ഫോണിലൂടെ പ്രതികരിച്ചു. പിന്നീട് ഒരാഴ്ച കഴിഞ്ഞെങ്കിലും ചെയർമാൻ പൊതുജന മദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടില്ല. ഇപ്പോഴും ഫോൺ സ്വിച്ച് ഓഫായി തന്നെ തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച കണ്ട ചെയർമാനെ പിന്നെ കണ്ടിട്ടില്ലെന്നും അദ്ദേഹം എവിടെയാണ് എന്നതിനെ പറ്റി അറിയില്ലെന്ന് കൗൺസിലർമാരും പറയുന്നു.

തീരുമാനം ചെയർമാൻ അംഗീകരിക്കുമെന്ന് പ്രതീക്ഷ: സി.പി.എം

'സ്വതന്ത്രനായി മത്സരിച്ചെത്തിയ സനീഷ് ജോർജ്ജിനെ എൽ.ഡി.എഫ്.പിന്തുണ നൽകിയാണ് ചെയർമാനാക്കിയത്. ആരോപണ വിധേയനായ ചെയർമാൻ തത്കാലം മാറി നിന്ന് അന്വേഷണ നേരിടണമെന്നതാണ് സി.പി.എം നിലപാട്. അതുകൊണ്ടാണ് ചെയർമാനോട് രാജിവയ്ക്കാൻ സി.പി.എം ആവശ്യപ്പെട്ടത്. കൂട്ടായ തീരുമാനം ചെയർമാൻ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെയർമാനുള്ള പിന്തുണ പിൻവലിക്കുന്നതടക്കമുള്ള കാര്യങ്ങൾ സി.പി.എം ജില്ലാ നേതൃത്വത്തോട് ആലോചിച്ച് പിന്നീട് തീരുമാനിക്കും. ചെയർമാൻ അഴിമതി നടത്തി പിരിച്ച പണം നവകേരള സദസിന്റെ നടത്തിപ്പിനായി പാർട്ടിയ്ക്ക് നൽകിയെന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹതിമാണ്. രാജി ആവശ്യപ്പെപ്പോൾ ചെയർമാൻ പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നെന്ന ആരോപണങ്ങളിലും കഴമ്പില്ല."

-മുഹമ്മദ് ഫൈസൽ, സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി