തൊടുപുഴ: നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് ഒരു നാടിന് തന്നെ അപമാനമാണെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്ജ് പറഞ്ഞു. ചെയർമാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ നഗരസഭ കാര്യാലയത്തിന് മുന്നിൽ നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരി മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ല പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സമിതി അംഗങ്ങളായ പി.എ. വേലുക്കുട്ടൻ, പി.പി. സാനു, കെ.എൻ. ഗീതാകുമാരി, സംസ്ഥാന കൗൺസിൽ അംഗം പി.ആർ. വിനോദ്, ജില്ലാ ഭാരവാഹികളായ കെ. കുമാർ, സി. സന്തോഷ് കുമാർ, ശശി ചാലക്കൻ, ടി.എച്ച്. കൃഷ്ണകുമാർ, കെ.ആർ. കൃഷ്ണകുമാർ, അമ്പിളി അനിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജേഷ് കൂവാശ്ശേരി, ഷിബു ജേക്കബ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, കൗൺസിലർമാരായ ശ്രീലക്ഷ്മി സുധീപ്, ജിതേഷ് സി, പി.ജി. രാജശേഖരൻ,മണ്ഡലം ഭാരവാഹികൾ, നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ചെറിയ ഉന്തും തള്ളുമുണ്ടായി

ബി.ജെ.പി ധർണയ്ക്ക് ശേഷം പൊലീസും പ്രവർത്തകരും തമ്മിൽ ചെറിയതോതിൽ ഉന്തും തള്ലുമുണ്ടായി. രാവിലെ 10.30 മുതൽ പൊലീസ് സംഘം നഗരസഭ കാര്യാലയത്തിന് മുന്നിൽ ബാരിക്കേഡുകൾ തീർത്ത് നിലയുറപ്പിച്ചിരുന്നു. ഒരു മണിക്കൂറിനൊടുവിൽ ബി.ജെ.പി നേതാക്കൾ നഗരസഭ കാര്യാലയത്തിന് മുന്നിൽ മാർച്ചുമായെത്തി. ധർണ്ണയുടെ അവസാനം നേതാക്കളെല്ലാം ബാരിക്കേഡ് മറിക്കടന്ന് കാര്യലയത്തിനകത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചു. പൊലീസുമായി ഉന്തും തള്ളും നടന്നു. ഒടുവിൽ സമരക്കാരെ പൊലീസ് പിടിച്ചുമാറ്റിയാണ് സംഘർഷം ഒഴിവാക്കിയത്.